Sunday, 7 March 2010

കുട്ടനാടന്‍ പുഞ്ചയിലേ.........

"കുട്ടനാടന്‍ പുഞ്ചയിലേ..........." ജലോത്സവ പ്രേമികളുടെ ഹൃദയത്തുടിപ്പായി മാറിയ ഈ ഗാനം നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു. പുന്നമടക്കായലിലെ ഓളപ്പരപ്പില്‍ കരുമാടിക്കുട്ടന്മാര്‍ ആവേശത്തുഴയെറിയുംപോള്‍ ഓരോ മലയാളിയും നെഞ്ചോട്‌ ചേര്‍ത്ത് ആസ്വദിക്കാറുള്ളതാണ് ഈ മനോഹരഗാനം.

സൂര്യ ആസ്ഥാനമന്ദിരം

 
 കാവാലത്തിന്റെ സാംസ്കാരിക സിരാകേന്ദ്രമായ കാവാലം സൂര്യയുടെ ആസ്ഥാനമന്ദിര മാണ് മുകളില്‍ കാണുന്നത്. സൂര്യ യുവജനക്ഷേമ കേന്ദ്രത്തിലെ ഓരോ അംഗങ്ങളുടെയും നിശ്ചയദാര്‍ഡ്യത്തിന്റെയും ആത്മസമര്‍പ്പനത്തിന്റെയും പ്രതീകമായി, കാവാലം ഗ്രാമത്തിനൊരു തിലകക്കുറിയായി ഈ സാംസ്‌കാരിക കേന്ദ്രം ഉയര്‍ന്നുനില്‍ക്കുന്നു. കാവാലം സൂര്യയുടെ വിവിധ വികസനോന്മുഖ പ്രവര്‍ത്തനങ്ങളോടൊപ്പം കാവാലം ഗ്രാമ പഞ്ചായത്തിന്റെയും നെഹ്‌റു യുവകേന്ദ്രയുടെയും നിരവധി അനവധി പ്രവര്‍ത്തനങ്ങള്‍ക്കും ഇവിടം ആതിഥ്യം വഹിക്കുന്നു. ഈ സംഘടനയുടെ വിവിധ പ്രവര്‍ത്തനങ്ങളില്‍ ആക്ര്യഷ്ട്ടനായ പോളഭാഗത്തു വീട്ടില്‍ ശ്രീ. കേശവപിള്ള സംഭാവനയായി നല്‍കിയ സ്ഥലത്താണ് ഈ ഓഫീസ് മന്ദിരം പണി കഴിപ്പിച്ചിട്ടുള്ളത്. കാവാലം ഗ്രാമ പഞ്ചായത്തിന്റെയും നെഹ്‌റു യുവകേന്ദ്രയുടെയും സാമ്പത്തിക സഹായത്തോടൊപ്പം കാവാലം ഗ്രാമത്തിലെ നല്ലവരായ എല്ലാ നാട്ടുകാരുടെയും സഹായ സഹകരണങ്ങളും ഓഫീസ് മന്ദിരത്തിന്റെ നിര്‍മാണ പൂര്‍ത്തീകരണത്തില്‍ നിര്‍ണായകമായി.  ഈ സംഘടനയിലെ ഓരോ അംഗങ്ങളുടെയും സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്നുകൊണ്ട് 2005 ഓഗസ്റ്റ്‌ 29-)o തീയതി പദ്മഭൂഷന്‍ കാവാലം നാരായണപ്പണിക്കര്‍ ഈ സാംസ്‌കാരിക കേന്ദ്രം ജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. കുട്ടനാട് എം എല്‍ എ ശ്രീ കെ. സി. ജോസഫ്‌ അധ്യക്ഷനായിരുന്നു. സമൂഹത്തിലെ നാനാതുറകളിലുള്ള പ്രമുഖ വ്യക്തികള്‍ പങ്കെടുത്ത ഈ ചടങ്ങ് കാവാലം ഗ്രാമത്തെയാകെ ഉത്സവാന്തരീക്ഷത്തില്‍ ആറാടിച്ചു.

Monday, 1 March 2010

കാവാലം ചുണ്ടന്‍


കുട്ടനാടിന്റെ കായികമാമാങ്കമായ നെഹ്‌റു ട്രോഫി വള്ളം കളിയില്‍, പണ്ഡിറ്റ്‌ ജവഹര്‍ലാല്‍ നെഹ്രുവിന്റെ കയ്യൊപ്പു പതിഞ്ഞ ആ വെള്ളി കപ്പ് ആദ്യമായി സ്വന്തമാക്കിയ കാവാലം ചുണ്ടന്‍ തിരിച്ചു വരവിനൊരുങ്ങുന്നു. 1949, 1950, 1958, 1960, 1962 വര്‍ഷങ്ങളില്‍ നെഹ്‌റു ട്രോഫിയില്‍ മുത്തമിട്ട്‌  ജലോല്സവപ്രേമികളുടെ ഹൃദയത്തുടിപ്പായി മാറിയ  ചെയ്ത കാവാലം ചുണ്ടന്‍ നെഹ്‌റു ട്രോഫി ജലോത്സവ ചരിത്രത്തില്‍ ഒട്ടേറെ തിളങ്ങുന്ന അദ്ധ്യായങ്ങള്‍ എഴുതി ചേര്‍ത്തിട്ടുണ്ട്. " കൈനകരി പുത്തന്‍ ചുണ്ടന്‍ " എന്നറിയപ്പെട്ടിരുന്ന   ഈ ചുണ്ടന്‍ വള്ളം 1942ല്‍ ജലോല്സവപ്രേമിയായ ശ്രീ. കൊച്ചുപുരയ്ക്കല്‍ ഔസേപ്പ് തൊമ്മന്‍ വിലയ്ക്ക് വാങ്ങി  അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് 1943ല്‍ "കാവാലം ചുണ്ടന്‍" എന്ന പേരില്‍ നീറ്റിലിറക്കി . പിന്നീടു നടന്ന പല ജലോല്സവങ്ങളിലും വെന്നിക്കൊടി പാറിച്ചു കൊണ്ട്  കാവാലം ചുണ്ടന്‍  ചുണ്ടന്‍വള്ളങ്ങളില്‍ അനിഷേധ്യമായ സ്ഥാനം അരക്കിട്ടുറപ്പിച്ചു . ശ്രീ. ശശികുമാറിന്റെ  സംവിധാനത്തില്‍ സത്യന്‍ മാഷ്, ശാരദ തുടങ്ങിയവര്‍ അഭിനയിച്ച്  1967ല്‍ പുറത്തിറങ്ങിയ കാവാലം ചുണ്ടന്‍ എന്ന ചിത്രവും 1979ല്‍ പുറത്തിറങ്ങിയ "സിംഹാസനം" എന്ന ചിത്രത്തില്‍ യേശുദാസും വാണി ജയറാമും ചേര്‍ന്നു പാടിയ  കാവാലം ചുണ്ടന്‍ വള്ളം അണിഞ്ഞൊരുങ്ങി എന്ന ഗാനവും കാവാലം ചുണ്ടന് ജനമനസ്സുകളില്‍ ഉദാത്തമായ ഒരു സ്ഥാനം നേടിക്കൊടുത്തു.  കാലപ്രവാഹത്തിന്റെ നീര്‍ച്ചുഴില്‍പ്പെട്ട് വിസ്മൃതിയിലാണ്ടു പോയ ഈ ജലരാജാവിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ ജലോല്സവപ്രേമികളായ ഒരു കൂട്ടം നാട്ടുകാര്‍ സജീവപ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. ഈ കഴിഞ്ഞ ജനുവരിമാസം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീ. പി. വി. രാമഭദ്രന്റെ നേതൃത്വത്തില്‍ കൂടിയ സമ്മേളനത്തില്‍ "കാവാലം ബോട്ട് ക്ലബ്‌" പുനരുജ്ജീവിപ്പിക്കുന്നതിനുള്ള നടപടികള്‍ക്ക് ആരഭം കുറിക്കുകയുണ്ടായി. 2010ലെ നെഹ്‌റു ട്രോഫി ജലോത്സവത്തില്‍ കാവാലം ബോട്ട് ക്ലബ്‌ "ശ്രീ ഗണേഷ്" ചുണ്ടനില്‍ മത്സരിക്കുവാനും 2011 നെഹ്‌റു ട്രോഫിയ്ക്കുമുന്പായി കാവാലം പുത്തന്‍ ചുണ്ടന്‍ നീറ്റില്‍ ഇറക്കുവാനും ഈ പൊതുയോഗം തീരുമാനിച്ചു. കാവാലം ചുണ്ടന്‍ വള്ളത്തിന്റെ വിജയഗാഥ കേരളക്കരയാകെ 
പാടിനടക്കുന്ന ആ നല്ലനാളേക്കുവേണ്ടി നമ്മുക്ക് 
പ്രതീക്ഷകളോടെ കാത്തിരിക്കാം.