Tuesday, 20 September 2011

അവര്‍ മറക്കാത്ത ഓണം

ആ അമ്മമാര്‍ക്കു മാത്രമല്ല, അതിനു സാക്ഷിയായവര്‍ക്കും ഒരിക്കലും മറക്കാത്ത ഒന്നായിരുന്നു അമ്മയ്ക്കൊരോണം എന്ന പരിപാടി, ഒരുകൂട്ടം ചെറുപ്പക്കാരുടെ മാതൃകാപരമായ സംരംഭം.കാവാലം ശശികുമാര്‍
ഏകദേശം പത്തുവര്‍ഷം മുമ്പാണ്, ആ തിരുവോണത്തിന് ബദരിനാഥിലേക്കുളള യാത്രയിലായിരുന്നു ഞങ്ങള്‍, ചില പത്രപ്രവര്‍ത്തക സുഹൃത്തുക്കള്‍...ഇന്‍ഡ്യാ-ചൈനാ അതിര്‍ത്തിയിലെ അവസാന ഗ്രാമമായ മനാ... ബദരീനാഥില്‍നിന്ന് മൂന്നു കിലോ മീറ്റര്‍ അകലെ അവിടെ ഒരു പഴയ കെട്ടിടത്തില്‍ ഏതാനും അമ്മമാര്‍. അവര്‍ ആഘോഷത്തിലാണ്. ഞങ്ങള്‍ അവരുമായി സംസാരിച്ചു. കേരളം ഇന്‍ഡ്യയുടെ അങ്ങേമൂലയാണെന്നും ഞങ്ങള്‍ക്കും ആ ദിവസം ആഘോഷത്തിന്‍റേതാണെന്നും നാട്ടില്‍ ഞങ്ങളെ പിരിഞ്ഞ് അമ്മമാര്‍ കാത്തിരിക്കുന്നുവെന്നുമെല്ലാം വിശദീകരിച്ചപ്പോള്‍ ഞങ്ങള്‍ സമാനമനസ്കരായി. ഇന്‍ഡ്യയില്‍ ഏറ്റവും കൂടുതല്‍പേര്‍ സൈനിക സേവനത്തിലേര്‍പ്പെട്ടിട്ടുളള ഉത്തരാഖണ്ഡ് സംസ്ഥാനത്തിലെ ഈ അമ്മമാരുടെ മക്കളും സൈനികരാണ്. അവരെവിടെയോ ആണെന്നല്ലാതെ കൂടുതലൊന്നുമറിയാത്ത അവര്‍ ഒത്തുചേര്‍ന്നത് സ്വാതന്ത്ര്യ ദിനത്തിന്‍റെ (അന്ന് ആഗസ്റ്റ് 15 ആയിരുന്നു) ആഘോഷങ്ങള്‍ക്കായിരുന്നു; അന്നുതന്നെ അവരുടെ തികച്ചും പ്രാദേശികമായ ഒരുത്സവദിവസവും. അവര്‍ പറഞ്ഞു, നിങ്ങള്‍ അമ്മമാരില്‍നിന്ന് അകന്നു നില്‍ക്കുന്നു, ഞങ്ങളുടെ മക്കള്‍ അകലെ ഞങ്ങളെ പിരിഞ്ഞു കഴിയുന്നു. നമുക്ക് അമ്മയും മക്കളുമാകാം.... അവര്‍ പാകം ചെയ്ത പായസം ഞങ്ങള്‍ക്കു തന്നു. അവരോടൊപ്പം പാടിയും ആടിയും ആ ഓണം ഞങ്ങള്‍ അര്‍ത്ഥപൂര്‍ണമാക്കി....


ഓണത്തിന് ഒരുക്കെല്ലാംകൂട്ടി അമ്മയും മക്കളുമൊത്തുചേരുമ്പോളാണ് ആഘോഷം സമ്പൂര്‍ണമാകുന്നതെന്ന് പറയാറുണ്ട്... പക്ഷേ അമ്മയെ വഴിയില്‍ ഉപേക്ഷിക്കുന്ന മക്കളും മക്കളെ ഞെക്കിക്കൊല്ലുന്ന അമ്മയും നിത്യവാര്‍ത്തകളാകുന്ന കാലമാണിത്. ആധുനികകാലം അടുക്കളയില്‍നിന്ന് സ്ത്രീകളെ അരങ്ങിലെത്തിച്ചപ്പോള്‍ മറുവശത്ത് ‘അസൂര്യംപശ്യ’കളായി മാറുന്ന സ്ത്രീ വാര്‍ദ്ധക്യം ഇക്കാലത്തിന്‍റെ സങ്കടമായി മാറുന്നു. വൃദ്ധസദനങ്ങളില്‍ ജന്മദിനവും ഉത്സവദിനങ്ങളും ആഘോഷിക്കുന്ന അമ്മമാരും അച്ഛന്മാരും ഏറുന്ന ഈ കാലവും അതിനു കാരണമാകുന്ന സമൂഹവും ഈ കാലഘട്ടത്തിന്‍റെ അസ്വസ്ഥതയാ കുമ്പോള്‍ അമ്മമാര്‍ക്കായി ഒരു ഓണാഘോഷം ഏതുതരത്തിലും മാതൃകയായി. അതായിരുന്നു 16 വര്‍ഷമായി ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടില്‍ കാവാലം ഗ്രാമത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന സൂര്യ യുവജനക്ഷേമ കേന്ദ്രം നടത്തിയ ഈ വര്‍ഷത്തെ ഓണാ ഘോഷത്തിന്‍റെ പ്രത്യേകത- അമ്മയ്ക്കൊരോണം.


ഓണാഘോഷത്തിന്‍റെ ബാക്കിപത്ര മായി മദ്യത്തിന്‍റെയും ഇറച്ചിയുടെയും സ്വര്‍ണ്ണത്തിന്‍റെയും ഉപഭോഗക്കണക്കുകള്‍ ‘പ്രധാന വാര്‍ത്തയാകുമ്പോള്‍’ നന്മയുടെ കിരണങ്ങള്‍ എത്ര പ്രകാശം പരത്തിയാലും കണ്ണില്‍ പതിക്കാത്ത കാലം കൂടിയാണിത്. 106 അമ്മമാര്‍, അവര്‍ ആ ഗ്രാമത്തിലെ വിവിധ വിഭാഗങ്ങളില്‍ പെട്ടവരാണ്, ഏതെങ്കിലും തരത്തില്‍ പരാധീനത അനുഭവിക്കുന്നവരാ ണ്, വൈധവ്യം, മാറാവ്യാധി, തീരാദു:ഖം തുടങ്ങിയവയ്ക്ക് വിധേയരായവരാണ്. അത്തരത്തില്‍ ഉളള 65-നും 80-നും ഇടയ്ക്കു പ്രായമുളളവരെ കണ്ടെത്തി, അവരെ പ്രത്യേകം ക്ഷണിച്ച് ആഘോഷ വേദിയില്‍ കൊണ്ടുവന്ന് ആദരിച്ച് ഓണപ്പുടവയും ഓണ സദ്യയും നല്‍കി. അവര്‍ക്കു വേണ്ടി കുട്ടികള്‍ തിരുവാതിര കളിച്ചും നാടോടി നൃത്തം ചെയ്തും നാടന്‍ പാട്ടുപാടിയും അവരെ ആഹ്ലാദിപ്പിച്ചു. അംബേദ്കര്‍ ഗ്രാമത്തിലെ വനിതകളുടെ വഞ്ചിപ്പാട്ട് ഏറെ ആകര്‍ഷകമായിരുന്നു. ഒരുപക്ഷേ നൂറിലേറെ വീടുകളില്‍ അമ്മമാര്‍ക്കു കിട്ടുമായിരുന്ന ആഹ്ലാദത്തിലുമധികമായിരുന്നു ആ വേദിയില്‍ പങ്കുവെയ്ക്കപ്പെട്ടതെന്നു പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയല്ല അത്.


‘അമ്മയ്ക്കൊരോണം’ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത് കാവാലം നാരായണപ്പണിക്കരായിരുന്നു. ഗ്രാമങ്ങളില്‍ നടക്കുന്ന ഇത്തരം തനിമയുളള ആചാരങ്ങളും ആഘോഷങ്ങളുമാണ് ഒരു സമൂഹത്തെ സാംസ്കാരിക സമ്പന്നമായി നിലനിര്‍ത്തുന്നതെന്നു പറഞ്ഞ അദ്ദേഹം കൂടുതല്‍ കൂടുതല്‍ സംഘടനകള്‍ വ്യാപകമായ തോതില്‍ ഇത്തരം സാംസ്കാരിക പ്രകടനങ്ങള്‍ നടത്തേ ണ്ടതുണ്ടെന്ന് വിശദീകരിച്ചു. അമ്മമാരെ ആദരിക്കാന്‍ പഠിക്കുകയും ശീലിക്കുകയും ചെയ്യുന്നത് സ്വന്തം തിരിച്ചറിവിന്‍റെ തെളിവാണെന്നും വരുംവര്‍ഷങ്ങളില്‍ ഇത് ഒരു സമൂഹപൂജയായി മാറണമെന്നും അദ്ദേഹം പറഞ്ഞു. ദാനം ചോദിച്ച വാമനനു മുന്നില്‍ ശിരസു കുനിച്ചതിലൂടെ എക്കാലത്തും ഉയര്‍ന്ന ശിരസുമായി നില്‍ക്കുന്ന ഒരു മികച്ച ഭരണാധികാരിയായി മാനവ മനസില്‍ നില്‍ക്കുന്ന മഹാബലിയുടെ സ്മരണനിറഞ്ഞ ഓണത്തിന് ഇത്തരമൊരു ചടങ്ങു നടത്താനായത് ധന്യതയാണെന്ന് അദ്ദേഹം പറഞ്ഞു.


സിനിമാ-സീരിയല്‍ നടന്‍ കൊല്ലം തുളസിയായിരുന്നു അമ്മയ്ക്കൊരോണം പരിപാടിയില്‍ അമ്മാര്‍ക്ക് ഓണക്കോടി വിതരണം ചെയ്തത്. സിനിമയിലും സീരിയലുകളിലും കൂടി തനിക്കു ലഭിച്ചിട്ടുളള വില്ലന്‍ പരിവേഷം ഇല്ലാതാക്കാനും ഇന്നുതന്നോടൊപ്പമില്ലാത്ത പെറ്റമ്മയുടെ ഓര്‍മ്മയും അനുഭവവും നിങ്ങള്‍ക്കൊപ്പമിരിക്കുമ്പോള്‍ വീണ്ടും കിട്ടുവാനുമാണ് അവിടെയെത്തിയതെന്നു പ്രസ്താവിച്ച കൊല്ലം തുളസി പ്രതീകാത്മകമായി മൂന്നു മുതിര്‍ന്ന അമ്മമാരെ പൊന്നാടയണിയിച്ച് കാ ല്‍വന്ദിച്ചു. എല്ലാ അമ്മമാര്‍ക്കും ഓണക്കോടി വിതരണം ചെയ്തു. അമ്മമാരെ തിരികെ വീടുകളിലെത്തിക്കാനും സൂര്യയുടെ പ്രവര്‍ത്തകരായ ചെറുപ്പക്കാര്‍ ശ്രദ്ധ കാണിച്ചു.


ഒരുപക്ഷേ കേരളത്തില്‍ ഓണക്കാലത്ത് ഇതുവരെ നടത്തിയിട്ടുളള ആഘോഷങ്ങളില്‍നിന്നു തികച്ചും വ്യത്യസ്തമായ ഒന്നായിരുന്നു ‘അമ്മയ്ക്കൊരോണം’ പരിപാടി. കൂടുതല്‍ വിപുലമായ രീതിയില്‍ വരും കാലങ്ങളില്‍ ഈ പരിപാടി നടത്തുമെന്നു മാത്രമല്ല അമ്മമാരില്‍ അര്‍ഹതപ്പെട്ടവര്‍ക്കായി കൂടുതല്‍ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും പ്രഖ്യാപിച്ച് സൂര്യ യുവജനക്ഷേമകേന്ദ്ര പ്രവര്‍ത്തകര്‍ പ്രതിബദ്ധത പ്രകടിപ്പിച്ചപ്പോഴാണ് പുതിയ തലമുറയുടെ സമൂഹത്തോടുളള കരുതല്‍ വ്യക്തമായത്. സൂര്യ ജനറല്‍ സെക്രട്ടറി ഹരികൃഷ്ണന്‍ ടിഎസ് ഐ യോടു പറഞ്ഞു, “ഒട്ടേറെ പേരുണ്ട് ഈ ആശയം മുന്നോട്ടു വെച്ചവരും അതിനു വേണ്ടി അഹോരാത്രം പ്രവര്‍ ത്തിച്ചവരുമായി. ഇതിനു വേണ്ടുന്ന സാമ്പത്തിക സഹായങ്ങള്‍ നല്‍കിയ സന്മനസുകളും ഏറെയുണ്ട്. കഴിഞ്ഞ 16 വര്‍ഷത്തിനിടയിലെ പ്രവര്‍ത്തനങ്ങളില്‍ ഏറെ പേര്‍ അനുമോദിച്ച സൂര്യയുടെ ഒരു സംരംഭമാണിത്. ഇതിന്‍റെ തുടര്‍നടപടികള്‍ ഞങ്ങള്‍ ആസൂത്രണം ചെയ്യും. വര്‍ഷത്തിലൊരിക്കലുളള ഒരു പ്രോഗ്രാമായി മാത്രം ഞങ്ങള്‍ ഇതിനെ ചുരുക്കു കയില്ല. കലുഷിതമായ സമൂഹത്തിന് ഒരു കൂട്ടം ചെറുപ്പക്കാരുടെ സന്ദേശമാണിത്. അതു വ്യാപകമാക്കും. സമൂഹത്തിന്‍റെ സേവനം ആവശ്യമായ അമ്മമാരുടെ, മുതിര്‍ന്നവരുടെ പരിരക്ഷയ്ക്കു വേദിയാകണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. അതിനു മനസുളളവരുടെ സംയോജകരാകാന്‍ ഞങ്ങളെന്നുമുണ്ടാകും.”


http://thesundayindian.com/ml/story/unforgettable-onam-experience/25/1410/

Wednesday, 14 September 2011

അമ്മയ്ക്കൊരോണം (മലയാള മനോരമ)**


**കടപ്പാട് - മലയാള മനോരമ

അമ്മയ്ക്കൊരോണം (മാധ്യമം ദിനപ്പത്രം )**

കാവാലം സൂര്യ യുവജന ക്ഷേമകേന്ദ്രം സംഘടിപ്പിച്ച ‘അമ്മക്കൊരു ഓണം’ പരിപാടി വേറിട്ട ഓണാഘോഷത്തിന്‍െറ വേദിയായി. ജീവിതസായാഹ്നത്തില്‍ തനിച്ചായ നൂറിലേറെ അമ്മമാര്‍ ഏകാന്തതയില്‍നിന്ന് ആഘോഷത്തിന്‍െറ വേദിയിലേക്ക് ശാരീരിക അവശതകള്‍ മറന്ന് എത്തി.അവര്‍ നാടന്‍പാട്ടുകളും വഞ്ചിപ്പാട്ടും തിരുവാതിരക്കളിയുമൊക്കെയായി ഓണം ആഘോഷിച്ചു.

നാടകാചാര്യന്‍ കാവാലം നാരായണപ്പണിക്കര്‍ ഓണാഘോഷം ഉദ്ഘാടനം ചെയ്തു. മറ്റുള്ളവര്‍ക്കുവേണ്ടി അടുക്കളയിലും വീടുകളിലുമായി ജീവിതത്തിന്‍െറ ഏറിയ പങ്കും നീക്കിവച്ച് വാര്‍ധക്യത്തില്‍ ആരോരുമില്ലാതാകുന്ന സ്ത്രീയുടെ ദുരവസ്ഥക്ക് മാറ്റമുണ്ടാകാന്‍ സമൂഹമനഃസാക്ഷി ഉണരണമെന്ന് അദ്ദേഹം പറഞ്ഞു.സിനിമാനടന്‍ കൊല്ലം തുളസി അമ്മമാര്‍ക്ക് ഓണപ്പുടവകള്‍ വിതരണം ചെയ്തു. കാവാലം ബി. ശ്രീകുമാറിനെ ചടങ്ങില്‍ അനുമോദിച്ചു.
കാവാലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മോളമ്മ സതീശന്‍ അധ്യക്ഷത വഹിച്ചു. ശോഭന ഉദയകുമാര്‍, ബി. മോഹനന്‍ നായര്‍ ആടിക്കോണിക്കല്‍, പി. ഉദയകുമാര്‍, കാവാലം അനിയന്‍, ഓമനക്കുട്ടന്‍, കാവാലം ഗോപകുമാര്‍, കെ.പി. ഷാജി, ജി. ഹരികൃഷ്ണന്‍, വിഷ്ണുകുമാര്‍ എന്നിവര്‍ സംസാരിച്ചു.കലാപരിപാടികളും ഗാനമേളയും നടന്നു.

***കടപ്പാട് : മാധ്യമം ദിനപ്പത്രം

തിരുവാതിരകളിയും നാടന്പാട്ടുമായി അമ്മമാരും മുത്തശ്ശിമാരും ഓണം ആഘോഷിച്ചു**

**കടപ്പാട് : ദീപിക ദിനപ്പത്രം

അമ്മയ്ക്കൊരോണം (മംഗളം ദിനപ്പത്രം)**


കാവാലം: ഓണനാളില്ഗ്രാമത്തിലെ അമ്മമാരും മുത്തശിമാരും ഒത്തുകൂടി നാടന്പാട്ടുകളും വഞ്ചിപ്പാട്ടും തിരുവാതിരകളിയുമായി ഓണം ആഘോഷിച്ചു. 

കാവാലം സൂര്യ യുവജന ക്ഷേമ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്സംഘടിപ്പിച്ച അമ്മയ്ക്കൊരു ഓണം പരിപാടിയാണു വേറിട്ട ആഘോഷത്തിന്റെ വേദിയായത്‌. ജീവിത സായാഹ്നഹ്നത്തില്തനിച്ചായിപ്പോയ നൂറിലേറെ അമ്മമാരാണു ഏകാന്തതയില്നിന്ന്ആഘോഷത്തിന്റെ വേദിയിലേക്കു ശാരീരിക അവശതകള്ക്കു പോലും അവധി നല്കി എത്തിയത്‌. 

സ്വന്തം ഗ്രാമത്തില്ഒരുക്കിയ അമ്മമാരുടെ ഓണാഘോഷം ഉദ്ഘാടനം ചെയ്തത്തനതു നാടകവേദിയുടെ ആചാര്യനായ കാവാലം നാരായണപണിക്കരായിരുന്നു. 

മറ്റുള്ളവര്ക്കു വേണ്ടി അടുക്കളയിലും വീടുകളിലുമായി ജീവിതത്തിന്റെ ഏറിയ പങ്കും നീക്കിവച്ച്വാര്ധക്യത്തില്ആരോരുമില്ലാതാകുന്ന സ്ത്രീയുടെ ദുരവസ്ഥയ്ക്കു മാറ്റമുണ്ടാകാന്സമൂഹ മനസാക്ഷി ഉണരുകയാണു വേണ്ടതെന്ന്അദ്ദേഹം പറഞ്ഞു. നടന്കൊല്ലം തുളസി അമ്മമാര്ക്ക്ഓണപ്പുടവകള്വിതരണം ചെയ്ത് ആദരിച്ചു. കാവാലം ബി. ശ്രീകുമാറിനെ അനുമോദിച്ചു. 

കാവാലം ഗ്രാമ പഞ്ചായത്ത്പ്രസിഡന്റ്മോളമ്മ സതീശന്റെ അധ്യക്ഷതയില്ചേര്ന്ന യോഗത്തില്ശോഭന ഉദയകുമാര്‍, ബി. മോഹനന്നായര്ആടിക്കോണിക്കല്‍, പി. ഉദയകുമാര്‍, കാവാലം അനിയന്‍, ഓമനക്കുട്ടന്‍, കാവാലം ഗോപകുമാര്‍, കെ പി ഷാജി, ജി. ഹരികൃഷ്ണന്‍, വിഷ്ണുകുമാര്തുടങ്ങിയവര്സംസാരിച്ചു.

കടപ്പാട് : മംഗളം ദിനപ്പത്രം**

Monday, 12 September 2011

അമ്മയ്‌ക്കൊരോണം**അവശത അനുഭവിക്കുന്ന അമ്മമാര്‍ക്ക് യുവജനങ്ങള്‍ കൈത്താങ്ങാവണമെന്ന സന്ദേശം ഉയര്‍ത്തി കാവാലത്ത് അമ്മമാരെ ആദരിച്ച് ഓണക്കൂട്ടായ്മ. കാവാലം സൂര്യ യുവജന ക്ഷേമകേന്ദ്രമാണ് ഓണത്തോടനുബന്ധിച്ച് സമൂഹത്തിന് വേറിട്ട സന്ദേശമേകി ഗ്രാമത്തിലെ വയോധികരായ 106 അമ്മമാരെ ആദരിച്ചത്.

വിധവകളും, നിത്യരോഗികളും, ആലംബഹീനരുമായ അറുപത്തിയഞ്ച് വയസ്സിനും എണ്‍പത് വയസ്സിനുമിടയില്‍ പ്രായമുള്ള ഗ്രാമത്തിലെ അമ്മമാരെയാണ് ഇതിലേക്കു തിരഞ്ഞെടുത്തത്. 'അമ്മയ്‌ക്കൊരോണം' എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്. കാവാലം നാരായണപ്പണിക്കര്‍ ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

മലയാളി സമൂഹത്തിന്റെ ഏറ്റവും മനോഹരമായ സങ്കല്പമാണ് സ്ത്രീകളെ ആദരിക്കലെന്ന് അദ്ദേഹം പറഞ്ഞു. അതില്‍ അമ്മമാരെ ആദരിക്കലിന്റെ മഹത്വം ഒന്നു വേറെ തന്നെയാണ്. ശിരസ്സുകുനിച്ചു നില്കുന്നയാളിനു മാത്രമേ ശിരസ്സുയര്‍ത്തി നില്‍ക്കാനാവൂ. മഹാബലിയുടെയും വാമനന്റെയും കഥ നല്‍കുന്ന ഗുണപാഠമിതാണെന്ന് കാവാലം ചൂണ്ടിക്കാട്ടി.

സിനിമാ സീരിയല്‍ താരം കൊല്ലംതുളസി അമ്മമാരെ പൊന്നാടയണിയിച്ച് കാല്‍തൊട്ട് വന്ദിച്ചു. കാവാലം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മോളമ്മ സതീശന്‍ അധ്യക്ഷത വഹിച്ചു. കാവാലം ഗോപകുമാര്‍ പരിപാടി വിശദീകരിച്ചു. ബി. മോഹനന്‍ നായര്‍ സേവന സന്ദേശം നല്‍കി. കാഞ്ചികാമകോടി ആസ്ഥാന വിദ്വാന്‍ പുരസ്‌കാരം നേടിയ തവില്‍ വിദ്വാന്‍ കാവാലം ബി. ശ്രീകുമാറിനെ കാവാലം നാരായണപ്പണിക്കര്‍ പൊന്നാടയണിയിച്ച് ചടങ്ങില്‍ ആദരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് അംഗം ശോഭന ഉദയകുമാര്‍, ഗ്രാമപ്പഞ്ചായത്ത് അംഗം പി. ഉദയകുമാര്‍, അനിയന്‍ കാവാലം കെ.പി. ഷാജി, എ.കെ. തങ്കപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു. ക്ലബ് സെക്രട്ടറി ജി. ഹരികൃഷ്ണന്‍ സ്വാഗതം പറഞ്ഞു. തുരുത്തി സന്തോഷ്, രാഖി രാജു എന്നിവരുടെ നേതൃത്വത്തിലുള്ള ടീമിന്റെ സ്വാഗത ഗാനത്തോടെയാണ് പരിപാടി തുടങ്ങിയത്. അമ്മമാരെ ആദരിക്കല്‍ ചടങ്ങിനുശേഷം അമ്മമാര്‍ക്ക് വിഭവസമൃദ്ധമായ ഓണസദ്യ വിളമ്പി. തുടര്‍ന്ന് അമ്മമനസ്സുകള്‍ക്ക് ആനന്ദമാകാന്‍ കുട്ടികളുടെ തിരുവാതിര, നാടോടി നൃത്തം, കാവാലം രംഭയുടെ നാടന്‍ പാട്ട്, അംബേദ്കര്‍ ഗ്രാമത്തിലെ വനിതകളുടെ വഞ്ചിപ്പാട്ട് എന്നീ കലാപരിപാടികള്‍ സ്റ്റേജില്‍ അരങ്ങേറി. പരിപാടികള്‍ക്കുശേഷം ക്ലബിലെ അംഗങ്ങള്‍ തന്നെ അമ്മമാരെ വീടുകളിലെത്തിച്ചു.

അവശത അനുഭവിക്കുന്ന വൃദ്ധസമൂഹത്തിന് യുവജനങ്ങള്‍ കൈത്താങ്ങാവണമെന്ന സന്ദേശം സമൂഹത്തില്‍ വ്യാപിപ്പിക്കാന്‍ വിവിധ പ്രദേശങ്ങളില്‍ അമ്മക്കൂട്ടായ്മകള്‍ സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് കാവാലം സൂര്യ യുവജന ക്ഷേമകേന്ദ്രo.


 
**കടപ്പാട് : മാതൃഭൂമി

Monday, 29 August 2011

കായംകുളത്തിന്റെ ഓളപ്പരപ്പില്‍ ശ്രീഗണേശന്‍ ജലരാജാവ്‌ !!!


രണ്ടാമത്‌ കായംകുളം ജലോത്സവത്തില്‍ ശ്രീഗണേശന്‍ ജലരാജാവായി. ഷാജി ചേരമന്‍ ക്യാപ്‌റ്റനായുളള കാവാലം കരുമാടിക്കുട്ടന്‍ ബോട്ട്‌ ക്ലബാണ്‌ ശ്രീഗണേശന്‍ തുഴഞ്ഞത്‌.
അമ്മയ്ക്കൊരു ഓണം

കാവാലം സുര്യ യുവജനക്ഷേമ കേന്ദ്രത്തിന്റെ 16 -)o വാര്ഷികത്തിന്റെയും  ഓണാഘോഷ പരിപാടികളുടെയും  ഭാഗമായി  2011 സെപ്റ്റംബര്‍ 11-)o തീയതി ഞായറാഴ്ച "അമ്മയ്ക്കൊരു ഓണം" എന്ന ഒരു കൂട്ടായ്മ സംഘടിപ്പിക്കുന്നു

വീടിന്റെയും നാടിന്റെയും സമസ്ത ഐശ്വര്യങ്ങള്‍ക്കും കാരണക്കാരായ നമ്മുടെ അമ്മമാര്‍ക്കായി കാവാലം സുര്യ സംഘടിപ്പിക്കുന്ന ഈ കൂട്ടായ്മ പദ്മശ്രീ. കാവാലം നാരായണപ്പണിക്കര്‍ ഉദ്ഘാടനം ചെയ്യും. അഭിവന്ദ്യനായ കഥകളി ആചാര്യന്‍ ശ്രീ. മാത്തൂര്‍ ഗോവിന്ദന്കുട്ടി മുഖ്യാതിഥി ആയിരിക്കുന്ന  പ്രസ്തുത ചടങ്ങില്‍ പ്രശസ്ത സിനിമ താരം ശ്രീ. കൊല്ലം തുളസി അമ്മമാരെ ആദരിക്കും. രാഷ്ട്രീയ സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കുന്ന ഈ ചടങ്ങിലേക്ക് നല്ലവരായ എല്ലാവരെയും ഹൃദയപൂര്‍വം സ്വാഗതം ചെയ്തുകൊള്ളുന്നു.

Thursday, 25 August 2011

ഓണോല്സവം 2011


പ്രീയപ്പെട്ടവരെ കര്‍ക്കിടകം പെയ്തൊഴിഞ്ഞു ചിങ്ങവെയിലും ഓണനിലാവും പരക്കുന്നു. മലയാള നാടിനിതു വസന്തകാലം. എണ്ണമറ്റ സ്മരണകളുടെ ഇതിഹാസ ഭൂമിയില്‍ സത്യസന്ധവും  ഊര്‍ജസ്വലവുമായ പ്രവര്‍ത്തന മികവുമായി കാവാലം സൂര്യ യുവജനക്ഷേമ കേന്ദ്രം ഈ ചെത്ര മാസത്തില്‍ പതിനാറാം  വര്‍ഷത്തിലേക്ക്  കാലൂന്നുകയാണ്‌.


കായല്‍ രാജാവ്‌ മുരിക്കന്‍ തീര്‍ത്ത  കണ്ണെത്താദൂരം പരന്ന കായല്‍ നിലങ്ങള്‍........പണിക്കര്‍ ത്രയം കലയുടെയും സാഹിത്യത്തിന്റെയും വിസ്മയം വിരിയിച്ച പൂക്കൈതയാറിന്‍ തീരം.........വെല്ലുവിളികളെ വള്ളപ്പാടുകള്‍ക്ക് തുഴഞ്ഞു തോല്‍പ്പിക്കുന്ന കുട്ടനാടന്‍ കൈക്കരുത്ത്.....മണ്ണില്‍ പൊന്നു വിളയിക്കുന്ന തൊഴിലാളി ഐക്യം......നാടിന്റെ പൈതൃകങ്ങള്‍ നെഞ്ചിലേറ്റി നന്മയുള്ളവര്‍ ചൊരിഞ്ഞ അകമഴിഞ്ഞ പിന്തുണയുമായി കാവാലം സൂര്യ   യാത്ര തുടരുന്നു..... ഗ്രാമത്തിന്റെ ഹൃദയത്തുടിപ്പുകള്‍ തേടി, നന്മകള്‍ തേടിയാണീ പ്രയാണം....നാടിനെ ഗ്രസിക്കുന്ന വിപത്തുകള്‍ക്കെതിരെ നമ്മുക്ക് ഒരുമയുടെ മനുഷ്യമതില്‍ തീര്‍ക്കാം. ഒപ്പം ഓണോല്സവം ഹൃദയത്തിലേറ്റാന്‍ ഏവരേയും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു. 

  
ഓണോല്സവം 2011 ലെ കാര്യപരിപാടികളെ കുറിച്ചറിയാന്‍ താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്യുക  


Monday, 16 May 2011

കാവാലം സുര്യയ്ക്ക് പുതിയ ലോഗോ


കര്‍മപഥത്തില്‍  പതിനാറാം  വര്‍ഷത്തിലേക്ക്  കാലൂന്നുന്ന  കാവാലം  സുര്യയ്ക്ക് പുതിയ ലോഗോ.ആകര്‍ഷകമായ ലോഗോ ഇന്റെര്‍നെറ്റിലെ വിവിധ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ്‌  സൈറ്റുകളിലൂടെ 2011ഏപ്രില്‍ 27നാണു  പ്രകാശനം ചെയ്തത്.

കുങ്കുമ വര്‍ണമുള്ള ഉദിച്ചുയരുന്ന സൂര്യനാണ് മുകളില്‍.നന്മയുടെയും സംഘശക്തിയുടെയും കലാകായിക സാംസ്‌കാരിക സാമൂഹിക രംഗങ്ങളിയെയും വികസന സുര്യന്‍ ഭൂമിക്കുമേല്‍ ഉദിച്ചു വരുന്നതായാണ്ചിത്രീകരണം.പ്രതീക്ഷയുടെ ഈ പൊന്‍സുര്യന്‍ ഉദിക്കുമ്പോള്‍ തിരയടങ്ങാത്ത കടല്‍ പോലും ശാന്തയാകുന്നു. മധ്യഭാഗത്ത് കടലിനെ സൂചിപ്പിക്കുന്ന നീല വര്‍ണത്തിലാണ് കാവാലം സുര്യ എന്ന് ആലേഖനം ചെയ്തിരിക്കുന്നത്.

ശാന്തിയും സമാധാനവും സൂചിപ്പിച്ചു സൂര്യന്റെ പ്രതിബിംബം അതേപോലെ താഴെ പ്രതിധ്വനിക്കുന്നത്  കാണാം.ഒപ്പം ഐക്യമാണ് ശക്തിയെന്ന് ആലേഖനം ചെയ്തിരിക്കുന്നു.

കോട്ടയം മൂലേടം സ്വദേശിയായ ഗോപകുമാര്‍ ആണ് ലോഗോ രൂപകല്‍പന ചെയ്തത്.

ക്രിയേറ്റീവ് ഐഡിയ- ജി ഹരികൃഷ്ണന്‍

കുരുന്നുകൂട്ടം 2011

കേന്ദ്ര സംഗീത നാടക അക്കാദമിയുടെ സഹകരണത്തോടെ തിരുവനന്തപുരം സോപാനം, കാവാലം സൂര്യ, കടുംതുടിക്കൂട്ടം എന്നിവയുടെ ആഭിമുഖ്യത്തില്‍ കാവാലം ഗവ എല്‍ പി സ്കൂളില്‍ ഏപ്രില്‍ 1 മുതല്‍ 10 വരെ കുരുന്നുകൂട്ടം കലാ പരിശീലന കളരി നടന്നു.

150 ലേറെ കുട്ടികള്‍ പങ്കെടുത്ത ഈ കലാ പരിശീലന കളരിക്ക്, പദ്മ ഭൂഷന്‍ കാവാലം നാരായണ പണിക്കര്‍നേതൃത്വം നല്‍കി. സമാപനച്ചടങ്ങില്‍ തിരുവനന്തപുരം സോപാനം അവതരിപ്പിച്ച തെയ്യ തെയ്യം നാടകം കാണികള്‍ക്ക് വിരുന്നായി.  കുരുന്നുകൂട്ടത്തിലെ ചില ചിത്രങ്ങള്‍ നിങ്ങള്ക്ക് വേണ്ടി ഇവിടെ നലികിയിരിക്കുന്നു.

ചിത്രങ്ങള്‍ക്ക് കടപ്പാട് : കാവാലം ശശികുമാര്
Monday, 4 April 2011

കലയുടെ കളരിയൊരുക്കി കാവാലം വീണ്ടും**

കാവാലം: അവധിക്കാലത്ത് കലയുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ നാടകാചാര്യന്‍ കാവാലം നാരായണപ്പണിക്കര്‍ കുരുന്നുകൂട്ടവുമായെത്തി. നൂറോളം കുട്ടികള്‍ക്കാണ് കാവാലം ഗവ. എല്‍.പി. സ്‌കൂളില്‍ കളരി ഒരുക്കിയിരിക്കുന്നത്. പത്തുദിവസത്തെ കളരിയില്‍ നൃത്തം, നാടകം, സംഗീതം, ചിത്രകല എന്നിവയില്‍ പരിശീലനം നല്‍കും.

കഴിഞ്ഞ ആറുവര്‍ഷമായി സ്വന്തം ഗ്രാമത്തിലെ കുട്ടികള്‍ക്കായി കലാപരിശീലനക്കളരി കാവാലം സംഘടിപ്പിക്കുന്നുണ്ട്. കേന്ദ്രസംഗീതനാടക അക്കാദമിയുടെ സഹകരണത്തോടെ തിരുവനന്തപുരം സോപാനം, കാവാലം സൂര്യ യുവജനക്ഷേമ കേന്ദ്രം, കടുംതുടിക്കൂട്ടം കാവാലം എന്നിവയുടെ ആഭിമുഖ്യത്തിലാണ് കുരുന്നുകൂട്ടം നടക്കുന്നത്.

കളരിയുടെ ഭാഗമായി കേരള സംഗീതനാടക അക്കാദമി ചെയര്‍മാനും നടനുമായ മുകേഷ് ഉള്‍പ്പെടെയുള്ളവര്‍ കുട്ടികളുമായി സംവദിക്കാനെത്തും. കളരിയുടെ സമാപനദിനമായ ഏപ്രില്‍ 10ന് വൈകീട്ട് കാവാലത്തിന്റെ 'തെയ്യത്തെയ്യം' എന്ന നാടകത്തിന്റെ അവതരണം നടക്കും.

കുരുന്നുകൂട്ടത്തിന്റെ ഉദ്ഘാടനം കാവാലം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മോളമ്മ സതീശന്‍ നിര്‍വഹിച്ചു. ചാലയില്‍ വേലായുധപ്പണിക്കര്‍ അധ്യക്ഷത വഹിച്ചു. വെളിയനാട് എ.ഇ.ഒ. മാരിയത്ത് ബീവി, കെ. സജി, ജി. ഹരികൃഷ്ണന്‍, രാഖി രാജു, ജയഹരി എന്നിവര്‍ പ്രസംഗിച്ചു.
 
 
 
**കടപ്പാട്  - മാതൃഭൂമി ദിനപത്രം
 

ഗ്രാമങ്ങള്‍ കലയുടെ വിളനിലങ്ങള്‍: കാവാലം നാരായണപ്പണിക്കര്‍*


ഗ്രാമങ്ങള്‍ കലയുടെ വിളനിലങ്ങളാണെന്നു നാടകാചാര്യന്‍ കാവാലം നാരായണപ്പണിക്കര്‍. കാവാലം ഗവ. എല്‍.പി. സ്‌കൂളില്‍ ആരംഭിച്ച കുട്ടികള്‍ക്കായുള്ള കുരുന്നുകൂട്ടം കലാപരിശീലനക്കളരിയുടെ ഉദ്‌ഘാടന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

നാട്ടിന്‍പുറങ്ങള്‍ നന്മകളാല്‍ സമൃദ്ധമാണ്‌. എന്നാല്‍ നാട്യം നിറഞ്ഞ നഗരത്തിന്റെ അധിനിവേശം ഗ്രാമങ്ങളിലും ഇന്നു കാണാം. ഇതിനിടയിലും നന്മയെയും സംസ്‌കാരത്തെയും കലകളെയും പ്രചോദിപ്പിക്കാന്‍ നമുക്കാകണം. പാടങ്ങളിലെ വിളവെടുപ്പിനുശേഷമുള്ള കലയുടെ വിളവെടുപ്പാണു കുരുന്നുകൂട്ടത്തിന്റെ ലക്ഷ്യമെന്നു അദ്ദേഹം പറഞ്ഞു.

ചാലയില്‍ വേലായുധപ്പണിക്കരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കാവാലം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ മോളമ്മ സതീശന്‍ കലാപരിശീലനക്കളരിയുടെ ഉദ്‌ഘാടനം നിര്‍വഹിച്ചു.

വെളിയനാട്‌ എ.ഇ.ഒ. മാരിയത്ത്‌ ബീവി, കെ. സജി, ജി. ഹരികൃഷ്‌ണന്‍, രാഖി രാജു, ജയഹരി എന്നിവര്‍ പ്രസംഗിച്ചു. കേരള സംഗീത നാടക അക്കാദമി ചെയര്‍മാന്‍ കുരുന്നുകൂട്ടം സന്ദര്‍ശിക്കാനെത്തും. സമാപനദിവസമായ പത്തിന്‌ വൈകിട്ട്‌ കാവാലത്തിന്റെ തെയ്യത്തെയ്യം നാടകാവതരണം ഉണ്ടായിരിക്കും.

കാവാലം നാരായണപ്പണിക്കരുടെ നേതൃത്വത്തില്‍ കേന്ദ്ര സംഗീത നാടക അക്കാദമിയുടെ സഹകരണത്തോടെ തിരുവനന്തപുരം സോപാനം, കാവാലം സൂര്യ, കടുംതുടിക്കൂട്ടം കാവാലം എന്നിവയുടെ ആഭിമുഖ്യത്തിലാണ്‌ കുരുന്നുകൂട്ടം സംഘടിപ്പിക്കുന്നത്‌.


*കടപ്പാട്  - മംഗളം ദിനപത്രം