Monday 4 April 2011

കലയുടെ കളരിയൊരുക്കി കാവാലം വീണ്ടും**

കാവാലം: അവധിക്കാലത്ത് കലയുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ നാടകാചാര്യന്‍ കാവാലം നാരായണപ്പണിക്കര്‍ കുരുന്നുകൂട്ടവുമായെത്തി. നൂറോളം കുട്ടികള്‍ക്കാണ് കാവാലം ഗവ. എല്‍.പി. സ്‌കൂളില്‍ കളരി ഒരുക്കിയിരിക്കുന്നത്. പത്തുദിവസത്തെ കളരിയില്‍ നൃത്തം, നാടകം, സംഗീതം, ചിത്രകല എന്നിവയില്‍ പരിശീലനം നല്‍കും.

കഴിഞ്ഞ ആറുവര്‍ഷമായി സ്വന്തം ഗ്രാമത്തിലെ കുട്ടികള്‍ക്കായി കലാപരിശീലനക്കളരി കാവാലം സംഘടിപ്പിക്കുന്നുണ്ട്. കേന്ദ്രസംഗീതനാടക അക്കാദമിയുടെ സഹകരണത്തോടെ തിരുവനന്തപുരം സോപാനം, കാവാലം സൂര്യ യുവജനക്ഷേമ കേന്ദ്രം, കടുംതുടിക്കൂട്ടം കാവാലം എന്നിവയുടെ ആഭിമുഖ്യത്തിലാണ് കുരുന്നുകൂട്ടം നടക്കുന്നത്.

കളരിയുടെ ഭാഗമായി കേരള സംഗീതനാടക അക്കാദമി ചെയര്‍മാനും നടനുമായ മുകേഷ് ഉള്‍പ്പെടെയുള്ളവര്‍ കുട്ടികളുമായി സംവദിക്കാനെത്തും. കളരിയുടെ സമാപനദിനമായ ഏപ്രില്‍ 10ന് വൈകീട്ട് കാവാലത്തിന്റെ 'തെയ്യത്തെയ്യം' എന്ന നാടകത്തിന്റെ അവതരണം നടക്കും.

കുരുന്നുകൂട്ടത്തിന്റെ ഉദ്ഘാടനം കാവാലം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മോളമ്മ സതീശന്‍ നിര്‍വഹിച്ചു. ചാലയില്‍ വേലായുധപ്പണിക്കര്‍ അധ്യക്ഷത വഹിച്ചു. വെളിയനാട് എ.ഇ.ഒ. മാരിയത്ത് ബീവി, കെ. സജി, ജി. ഹരികൃഷ്ണന്‍, രാഖി രാജു, ജയഹരി എന്നിവര്‍ പ്രസംഗിച്ചു.
 
 
 
**കടപ്പാട്  - മാതൃഭൂമി ദിനപത്രം
 

ഗ്രാമങ്ങള്‍ കലയുടെ വിളനിലങ്ങള്‍: കാവാലം നാരായണപ്പണിക്കര്‍*


ഗ്രാമങ്ങള്‍ കലയുടെ വിളനിലങ്ങളാണെന്നു നാടകാചാര്യന്‍ കാവാലം നാരായണപ്പണിക്കര്‍. കാവാലം ഗവ. എല്‍.പി. സ്‌കൂളില്‍ ആരംഭിച്ച കുട്ടികള്‍ക്കായുള്ള കുരുന്നുകൂട്ടം കലാപരിശീലനക്കളരിയുടെ ഉദ്‌ഘാടന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

നാട്ടിന്‍പുറങ്ങള്‍ നന്മകളാല്‍ സമൃദ്ധമാണ്‌. എന്നാല്‍ നാട്യം നിറഞ്ഞ നഗരത്തിന്റെ അധിനിവേശം ഗ്രാമങ്ങളിലും ഇന്നു കാണാം. ഇതിനിടയിലും നന്മയെയും സംസ്‌കാരത്തെയും കലകളെയും പ്രചോദിപ്പിക്കാന്‍ നമുക്കാകണം. പാടങ്ങളിലെ വിളവെടുപ്പിനുശേഷമുള്ള കലയുടെ വിളവെടുപ്പാണു കുരുന്നുകൂട്ടത്തിന്റെ ലക്ഷ്യമെന്നു അദ്ദേഹം പറഞ്ഞു.

ചാലയില്‍ വേലായുധപ്പണിക്കരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കാവാലം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ മോളമ്മ സതീശന്‍ കലാപരിശീലനക്കളരിയുടെ ഉദ്‌ഘാടനം നിര്‍വഹിച്ചു.

വെളിയനാട്‌ എ.ഇ.ഒ. മാരിയത്ത്‌ ബീവി, കെ. സജി, ജി. ഹരികൃഷ്‌ണന്‍, രാഖി രാജു, ജയഹരി എന്നിവര്‍ പ്രസംഗിച്ചു. കേരള സംഗീത നാടക അക്കാദമി ചെയര്‍മാന്‍ കുരുന്നുകൂട്ടം സന്ദര്‍ശിക്കാനെത്തും. സമാപനദിവസമായ പത്തിന്‌ വൈകിട്ട്‌ കാവാലത്തിന്റെ തെയ്യത്തെയ്യം നാടകാവതരണം ഉണ്ടായിരിക്കും.

കാവാലം നാരായണപ്പണിക്കരുടെ നേതൃത്വത്തില്‍ കേന്ദ്ര സംഗീത നാടക അക്കാദമിയുടെ സഹകരണത്തോടെ തിരുവനന്തപുരം സോപാനം, കാവാലം സൂര്യ, കടുംതുടിക്കൂട്ടം കാവാലം എന്നിവയുടെ ആഭിമുഖ്യത്തിലാണ്‌ കുരുന്നുകൂട്ടം സംഘടിപ്പിക്കുന്നത്‌.


*കടപ്പാട്  - മംഗളം ദിനപത്രം