ചമ്പക്കുളത്താറ്റില്‍ ഇന്ന് നടന്ന മൂലം വള്ളംകളിയില്‍ കാവാലം ബോട്ട് ക്ലബ് നയിച്ച ശ്രീ ഗണേഷ് ചുണ്ടന്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ചമ്പക്കുളം പമ്പയാറ്റില്‍ ഉച്ചയ്ക്ക് ഒരു മണിയ്ക്കാരംഭിച്ച മൂലം വള്ളംകളിയില്‍ എട്ട് ചുണ്ടന്‍വള്ളങ്ങള്‍ ആണ് മാറ്റുരച്ചത്.
ചുണ്ടന്‍വള്ളങ്ങളുടെ പ്രാഥമികമത്സരങ്ങളില്‍ ഹീറ്റ്‌സ് ഒന്നില്‍ ശ്രീവിനായകന്‍, വടക്കേ ആറ്റുപുറം, ചമ്പക്കുളം എന്നീ വള്ളങ്ങളും ഹീറ്റ്‌സ് രണ്ടില്‍ കരുവാറ്റ, ശ്രീഗണേശന്‍, ആയാപറമ്പ് വലിയ ദിവാന്‍ജി എന്നീ വള്ളങ്ങളും ഹീറ്റ്‌സ് മൂന്നില്‍ കാരിച്ചാല്‍, ജവഹര്‍ തായങ്കരി എന്നീ വള്ളങ്ങളുമാണ് ഏറ്റുമുട്ടിയത്. കാവാലം ബോട്ട് ക്ലബ് നയിച്ച ശ്രീ ഗണേഷ് ചുണ്ടന്‍ രണ്ടാം ഹീറ്റ്സില്‍ മത്സരിച്ച കരുവാറ്റ, ആയാപറമ്പ് വലിയ ദിവാന്‍ജി എന്നീ വള്ളങ്ങളെ വള്ളപ്പാടുകള്‍ക്ക് പിന്നിലാക്കിക്കൊണ്ടാണ് കലാശപ്പോരാട്ടത്തില്‍ സ്ഥാനം നേടിയത്. ജലോല്സവപ്രേമികളെ അത്യന്തം ആവേശത്തിലാക്കിയ ഫൈനല്‍ മത്സരത്തില്‍ കോട്ടയം കുമരകം ടൌണ്‍ ബോട്ട് ക്ലബ് നയിച്ച ശ്രീവിനായകന്‍, കൊല്ലം ജീസസ്സ് ബോട്ട് ക്ലബ് നയിച്ച കാരിച്ചാല്‍, കാവാലം ബോട്ട് ക്ലബ് നയിച്ച ശ്രീ ഗണേഷ് എന്നീ വള്ളങ്ങള്‍ തമ്മില്‍ ഇഞ്ചോടിഞ്ചു പോരാട്ടമാണ് നടന്നത്. പരിശീലനമാരംഭിച്ചു ഒരാഴ്ചയ്ക്കുള്ളില്‍ നടന്ന മൂലം വള്ളം കളിയില്‍ മികച്ചപ്രകടനം നടത്താനായത് കാവാലം ജനതയെ ആവേശത്തിലാക്കിയിട്ടുണ്ട്. പുളിങ്കുന്നു വാച്ചാപറമ്പില്‍ മാത്യു കുഞ്ചെറിയ ക്യാപ്റ്റന്‍ ആയുള്ള കാവാലം ചുണ്ടന്‍ നെഹ്‌റു ട്രോഫി മത്സരത്തിനുള്ള പരിശീലനം വരും ദിവസങ്ങളില്‍ കാവാലത്താറ്റില്‍ പുനരാരംഭിക്കും....
Saturday, 26 June 2010
Monday, 21 June 2010
അണിഞ്ഞൊരുങ്ങി ശ്രീ ഗണേഷ് ചുണ്ടന്‍
കാവാലം നിവാസികളുടെ നീണ്ടകാലത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് കാവാലം ബോട്ട് ക്ലബ് നയിക്കുന്ന ശ്രീ ഗണേഷ് ചുണ്ടന്‍ കാവാലത്താറ്റില്‍ പരിശീലനമാരംഭിച്ചു. ചുണ്ടന്‍ വള്ളങ്ങളിലെ രാജാവായ കാവാലം ചുണ്ടന്‍ മത്സരരംഗത്ത് നിന്നും പിന്‍വാങ്ങിയിട്ട് കാലമേറെയെങ്കിലും അതിപ്രഗല്ഭാരായ തുഴക്കാരുടെ സാന്നിധ്യം കൊണ്ട് കാവാലം നിവാസികള്‍ വള്ളംകളിയുടെ അഭിവാജ്യ ഘടകമായിരുന്നു. കഴിഞ്ഞ കാലങ്ങളില്‍ നെഹ്രുട്രോഫി നേടിയ എല്ലാ ബോട്ട് ക്ലബ്ബുകളിലും കാവാലം നിവാസികളുടെ ശക്തമായ സാന്നിധ്യം ഉണ്ടായിരുന്നു. നഷ്ടപ്രതാപം വീണ്ടെടുക്കുവാന്‍ കാവാലം ബോട്ട് ക്ലബ്ബിന്റെ കീഴില്‍ നാട്ടുകാരെല്ലാം ഒരേ മനസ്സോടെ അണിചേരുകയാണ്. ജൂണ്‍ അവസാനം ചമ്പക്കുളത്താറ്റില്‍ നടക്കുന്ന മൂലം വള്ളംകളിയില്‍ തങ്ങളുടെ കരുത്തു തെളിയിക്കുമെന്ന ദൃഡപ്രതിജ്ഞ്ഞയോടെ കയ്യും മെയ്യും മറന്നുള്ള പരിശീലനമാണ് നടന്നു കൊണ്ടിരിക്കുന്നത്. വള്ളംകളിയുടെ ഈറ്റില്ലമായ കുട്ടനാട്ടിലെ കിരീടം വയ്ക്കാത്ത രാജാവായി കാവാലം ചുണ്ടന്‍ മാറുന്ന ആ സുദിനത്തിനായി നമ്മുക്ക് പ്രാര്‍ത്ഥനയോടെ കാത്തിരിക്കാം.
Subscribe to:
Posts (Atom)




