Saturday, 26 June 2010

ആവേശത്തിമിര്‍പ്പില്‍ കാവാലം

ചമ്പക്കുളത്താറ്റില്‍ ഇന്ന് നടന്ന മൂലം വള്ളംകളിയില്‍ കാവാലം ബോട്ട് ക്ലബ്‌ നയിച്ച ശ്രീ ഗണേഷ് ചുണ്ടന്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ചമ്പക്കുളം പമ്പയാറ്റില്‍ ഉച്ചയ്ക്ക് ഒരു മണിയ്ക്കാരംഭിച്ച മൂലം വള്ളംകളിയില്‍ എട്ട് ചുണ്ടന്‍വള്ളങ്ങള്‍ ആണ് മാറ്റുരച്ചത്.


ചുണ്ടന്‍വള്ളങ്ങളുടെ പ്രാഥമികമത്സരങ്ങളില്‍ ഹീറ്റ്‌സ് ഒന്നില്‍ ശ്രീവിനായകന്‍, വടക്കേ ആറ്റുപുറം, ചമ്പക്കുളം എന്നീ വള്ളങ്ങളും ഹീറ്റ്‌സ് രണ്ടില്‍ കരുവാറ്റ, ശ്രീഗണേശന്‍, ആയാപറമ്പ് വലിയ ദിവാന്‍ജി എന്നീ വള്ളങ്ങളും ഹീറ്റ്‌സ് മൂന്നില്‍ കാരിച്ചാല്‍, ജവഹര്‍ തായങ്കരി എന്നീ വള്ളങ്ങളുമാണ് ഏറ്റുമുട്ടിയത്. കാവാലം ബോട്ട് ക്ലബ്‌ നയിച്ച ശ്രീ ഗണേഷ് ചുണ്ടന്‍ രണ്ടാം ഹീറ്റ്സില്‍ മത്സരിച്ച കരുവാറ്റ, ആയാപറമ്പ് വലിയ ദിവാന്‍ജി എന്നീ വള്ളങ്ങളെ വള്ളപ്പാടുകള്‍ക്ക് പിന്നിലാക്കിക്കൊണ്ടാണ് കലാശപ്പോരാട്ടത്തില്‍ സ്ഥാനം നേടിയത്. ജലോല്സവപ്രേമികളെ അത്യന്തം ആവേശത്തിലാക്കിയ ഫൈനല്‍ മത്സരത്തില്‍ കോട്ടയം കുമരകം ടൌണ്‍ ബോട്ട് ക്ലബ്‌ നയിച്ച ശ്രീവിനായകന്‍, കൊല്ലം ജീസസ്സ് ബോട്ട് ക്ലബ്‌ നയിച്ച കാരിച്ചാല്‍, കാവാലം ബോട്ട് ക്ലബ്‌ നയിച്ച ശ്രീ ഗണേഷ് എന്നീ വള്ളങ്ങള്‍ തമ്മില്‍ ഇഞ്ചോടിഞ്ചു പോരാട്ടമാണ് നടന്നത്. പരിശീലനമാരംഭിച്ചു ഒരാഴ്ചയ്ക്കുള്ളില്‍ നടന്ന മൂലം വള്ളം കളിയില്‍ മികച്ചപ്രകടനം നടത്താനായത് കാവാലം ജനതയെ ആവേശത്തിലാക്കിയിട്ടുണ്ട്. പുളിങ്കുന്നു വാച്ചാപറമ്പില്‍ മാത്യു കുഞ്ചെറിയ ക്യാപ്റ്റന്‍ ആയുള്ള കാവാലം ചുണ്ടന്‍ നെഹ്‌റു ട്രോഫി മത്സരത്തിനുള്ള പരിശീലനം വരും ദിവസങ്ങളില്‍ കാവാലത്താറ്റില്‍   പുനരാരംഭിക്കും....

Monday, 21 June 2010

അണിഞ്ഞൊരുങ്ങി ശ്രീ ഗണേഷ് ചുണ്ടന്‍

കാവാലം നിവാസികളുടെ നീണ്ടകാലത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് കാവാലം ബോട്ട് ക്ലബ്‌ നയിക്കുന്ന ശ്രീ ഗണേഷ് ചുണ്ടന്‍ കാവാലത്താറ്റില്‍ പരിശീലനമാരംഭിച്ചു. ചുണ്ടന്‍ വള്ളങ്ങളിലെ രാജാവായ കാവാലം ചുണ്ടന്‍ മത്സരരംഗത്ത് നിന്നും  പിന്‍വാങ്ങിയിട്ട്‌  കാലമേറെയെങ്കിലും അതിപ്രഗല്ഭാരായ തുഴക്കാരുടെ സാന്നിധ്യം കൊണ്ട്  കാവാലം നിവാസികള്‍ വള്ളംകളിയുടെ അഭിവാജ്യ ഘടകമായിരുന്നു. കഴിഞ്ഞ കാലങ്ങളില്‍ നെഹ്രുട്രോഫി നേടിയ എല്ലാ ബോട്ട് ക്ലബ്ബുകളിലും കാവാലം നിവാസികളുടെ ശക്തമായ സാന്നിധ്യം ഉണ്ടായിരുന്നു.  നഷ്ടപ്രതാപം വീണ്ടെടുക്കുവാന്‍ കാവാലം ബോട്ട് ക്ലബ്ബിന്റെ കീഴില്‍ നാട്ടുകാരെല്ലാം ഒരേ മനസ്സോടെ അണിചേരുകയാണ്. ജൂണ്‍ അവസാനം ചമ്പക്കുളത്താറ്റില്‍ നടക്കുന്ന മൂലം വള്ളംകളിയില്‍ തങ്ങളുടെ കരുത്തു തെളിയിക്കുമെന്ന ദൃഡപ്രതിജ്ഞ്ഞയോടെ  കയ്യും മെയ്യും മറന്നുള്ള പരിശീലനമാണ് നടന്നു കൊണ്ടിരിക്കുന്നത്. വള്ളംകളിയുടെ ഈറ്റില്ലമായ കുട്ടനാട്ടിലെ കിരീടം വയ്ക്കാത്ത രാജാവായി കാവാലം ചുണ്ടന്‍ മാറുന്ന ആ സുദിനത്തിനായി നമ്മുക്ക് പ്രാര്‍ത്ഥനയോടെ കാത്തിരിക്കാം.

കുരുന്നുകൂട്ടം 2010 - ചിത്രവിശേഷം

കുരുന്നുകൂട്ടം 2010 ലെ ചില ചിത്ര വിശേഷങ്ങള്‍അരങ്ങിന്റെ തായ്‌വേര്‌

കാവാലം സൂര്യയുടെ സെക്രട്ടറി ശ്രീ. ജി. ഹരികൃഷ്ണന്‍ മംഗളം ദിനപ്പത്രത്തിനുവേണ്ടി ശ്രീ.  കാവാലം നാരായണപ്പണിക്കരുമായി നടത്തിയ അഭിമുഖമാണ് താഴെക്കൊടുത്തിരിക്കുന്നത്.


അരങ്ങിന്റെ തായ്‌വേര്‌

മലയാള നാടകവേദിക്ക്
എക്കാലവും ഓര്‍മ്മിക്കാവുന്ന
ഒരു ചരിത്ര സന്ധിയുണ്ട്.,
അവനവന്‍ 'കടമ്പ'യുടേത്.
മുമ്പും പിമ്പും ഇല്ലാത്ത
സവിശേഷ ഭാവുകത്വത്തിന്റേതാണ്
ഈ സ്വന്തം 'കടമ്പ'.
മലയാളം കടന്ന കടമ്പയുടെ
പ്രാണേതാവ് ലോക
നാടകാസ്വാദകര്‍ക്കു
ചിരപരിചിതനാണ്. കേന്ദ്ര സംഗീത
നാടക അക്കാദമി വൈസ് ചെയര്‍മാന്‍
കാവാലം നാരായണപ്പണിക്കര്‍
അവനവന്‍ കടമ്പ 35 വര്‍ഷങ്ങള്‍
പിന്നിടുന്ന വേളയില്‍
അദ്ദേഹത്തിന്റെ നാടക,
ജീവിത സാക്ഷ്യങ്ങളെപ്പറ്റി...
 
കൊയ്‌തൊഴിഞ്ഞ പാടം. കായലും കൈത്തോടും നെല്‍പ്പാടവും തെങ്ങിന്‍ തോപ്പുകളുമുള്ള കാവാലം ദേശത്തിന്റെ ഭൂപ്രകൃതി. കൊയ്ത്തു കഴിഞ്ഞാല്‍ കുറേകാലത്തേക്ക് വരമ്പു തെളിഞ്ഞു വൈക്കോല്‍ കുറ്റികളുമായി പാടമങ്ങനെ കിടക്കും. ആ പാടത്താണു സദസൊത്തുകൂടുക. കരയ്ക്കു പിറകില്‍ തെങ്ങിന്‍ തോപ്പുകള്‍ക്കു മധ്യേ നിലമൊരുക്കിയിടത്ത് സന്ധ്യാവേളകളിലെ നിലാ വെളിച്ചത്തില്‍ അരങ്ങുണരും. ചാലയില്‍ രാമകൃഷ്ണ പണിക്കരുടെ രചനയില്‍ കഥാപാത്രങ്ങള്‍ സദസിനോടു നാട്ടിലെ ജീവിത മുഹൂര്‍ത്തങ്ങളുടെ നാടകീയത നിറഞ്ഞ രംഗങ്ങള്‍ ഒന്നൊന്നായി പറയും. വേഷവിധാനങ്ങളെല്ലാം നാട്ടിലെ സാധാരണക്കാരുടേതു തന്നെ. അനുയാത്രികനായി അരങ്ങത്തും അണിയറയിലും അനുജന്‍ നാരായണന്‍.
കാവാലം നാരായണപ്പണിക്കരുടെ നാടകജീവിതത്തിന്റെ വേരുകള്‍ ഇവിടെ ആരംഭിക്കുന്നു. കൗമാരത്തിലേ മനസിലേറ്റിയ നാടകാവബോധം. അതിനു നാടിന്റെ പശിമയുള്ള മണ്ണില്‍ നിന്നാണ് ഉദയം. പഠിപ്പുകാലത്തു തന്നെ നാടക പരിശ്രമങ്ങള്‍ ഊര്‍ജിതമായി തളിരിട്ടു വളര്‍ന്നു.
നാടകത്തനിമയുടെ വക്കാലത്തുമായി
തറവാട്ടില്‍ ഗോദവര്‍മ്മ - കുഞ്ഞുലക്ഷ്മി ദമ്പതികളുടെ മകനായി 1928 മേയ് നാലിനു ജനിച്ചു. കാവാലത്തേയും സമീപ പ്രദേശങ്ങളിലേയും സ്‌കൂളുകളിലായി പ്രാഥമിക വിദ്യാഭ്യാസം. ഇക്കാലത്ത് കവിതയെഴുത്ത് ആവേശമായി. ഇന്റര്‍മീഡിയറ്റിനു കോട്ടയം സി.എം.എസ്. കോളജില്‍ ചേര്‍ന്നു. മരുമക്കത്തായം നിലനിന്നിരുന്ന കാലമായതിനാല്‍ തുടര്‍ പഠനം ആലപ്പുഴയില്‍ അമ്മാവനൊപ്പം. ധനതത്വശാസ്ത്രത്തില്‍ ബിരുദമെടുത്തത് ആലപ്പുഴ എസ്.ഡി. കോളജില്‍ നിന്ന്. ഇതിനോടകം കവിതയും പിന്നാലെ നാടകവും മനസിനെ പിടിച്ചുലച്ചു. സ്വയം  'പഞ്ചായത്ത്'എന്ന നാടകം രചിച്ചു. എന്‍.ബി ചെല്ലപ്പന്‍ നായര്‍ എഴുതിയ 'ആറ്റംബോംബ്' നാടകം ആലപ്പുഴ എസ്.ഡി. കോളജിലെ ബസന്റ് ഹാളില്‍ അവതരിപ്പിക്കുമ്പോള്‍ സദസ്യര്‍ക്കിടയില്‍ വള്ളത്തോള്‍ നാരായണ മേനോനുണ്ടായിരുന്നു. അതിഥിയായി വീട്ടിലെത്തിയ മഹാകവിയെ നാടകം കാണാന്‍ ക്ഷണിച്ചത് അമ്മാവന്‍ ഡോ. കെ.പി. പണിക്കര്‍ അറിയാതെ. നാടകം കണ്ട വള്ളത്തോളില്‍ നിന്നുയര്‍ന്നത് വിമര്‍ശനത്തിന്റെ കടന്നാക്രമണം. ആ വാക്കുകള്‍ ഉള്ളില്‍ മാറ്റൊലികൊണ്ടേയിരുന്നു. വൈകാതെ നിയമ പഠനത്തിനായി ചെന്നൈയിലേക്ക്. ബിരുദം നേടി മടങ്ങിയെത്തി ആറുവര്‍ഷം ആലപ്പുഴ ബാറില്‍ പ്രാക്ടീസ് ചെയ്തു. 1961 ല്‍ കേരള സംഗീത നാടക അക്കാദമി സെക്രട്ടറിയായി. ഒരുപാടു നാടകക്കാരുമായി സംസര്‍ഗമായി. നാടകാവബോധം വളര്‍ന്നു പന്തലിച്ചു. 64 ല്‍ സാക്ഷി എഴുതി. പിന്നെ തിരുവാഴിത്താന്‍, ദൈവത്താര്‍, അവനവന്‍ കടമ്പ, കലിവേഷം, കാലനെത്തീനി, കല്ലുരുട്ടി, തെയ്യതെയ്യം, കരിങ്കുട്ടി, അഗ്നിവര്‍ണന്റെ കാലുകള്‍, ഒറ്റമുലച്ചി, സ്വപ്നവാസവദത്തം, മധ്യമവ്യായോഗം, കര്‍ണഭാരം, ചാരുദത്ത, മായാസീതാംങ്കം തുടങ്ങി നാടകങ്ങളുടെ നിര.
അകക്കണ്ണു തുറപ്പിച്ചത് വള്ളത്തോള്‍
പ്രസാദാത്മകതയുടെയും ലാളിത്ത്യത്തിന്റെയും മഹാകവിയായ വള്ളത്തോളിന്റെ രൂക്ഷമായ വിമര്‍ശനം ഉള്‍ക്കാഴ്ച നല്‍കുന്നതായിരുന്നു. കോളജില്‍ നാടകം കളിച്ചു അഭിപ്രായമാരാഞ്ഞപ്പോള്‍, ഒരു താള്‍ കടലാസില്‍ എഴുതി തീര്‍ക്കാനുള്ള കാര്യമല്ലേയുള്ളിത്? വൃഥാസ്തൂലതകൊണ്ടു എന്തു പറയാനാണ്?  പെട്ടെന്നുണ്ടായ പ്രതികരണം കാവാലം സ്മരിക്കുന്നു. വിമര്‍ശനം നാടക ബോധത്തെ മാറ്റിമറിച്ചു. പിന്നെ സ്വന്തം നാടക സങ്കല്പത്തിലേക്ക്... സ്വന്തം മണ്ണിന്റെ നാടക സങ്കല്പത്തിനായി...
എന്‍.കെ. ത്യാഗരാജ ഭാഗവതരുടേയും സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതരുടേയും ഓച്ചിറ വേലുക്കുട്ടിയുടെയുമെല്ലാം നാടക സങ്കേതങ്ങളും  പ്രൊഫ. എന്‍. കൃഷ്ണപിള്ളയുടെ നാടക പരിഭാഷകളും അടുത്തറിഞ്ഞു. തമിഴില്‍ നിന്ന് ആവിഷ്‌കരിക്കപ്പെട്ട നാടകം കൈവഴികളായി വളര്‍ന്നു പന്തലിച്ചത് കാവാലത്തെ തെല്ലും ആകര്‍ഷിച്ചില്ല. സി.എല്‍ ജോസിന്റെയും മരട് രഘുനാഥിന്റെയും ദേവാലയാങ്കണ നാടകങ്ങള്‍. തോപ്പില്‍ ഭാസിയുടെയും കെ.പി.എ.സിയുടെയും പ്രതിബദ്ധ നാടകങ്ങള്‍. എന്‍.എന്‍ പിള്ള, കെ.ടി മുഹമ്മദ്,
തിക്കോടിയന്‍ തുടങ്ങിയവരുടെ വ്യതിരിക്ത നാടകങ്ങള്‍. ശെയ്ത്താന്‍ ജോസഫിന്റെ ആലപ്പി തീയേറ്റേഴ്‌സിന്റെയും കൊല്ലം അസീസിയുടെയും ബൈബിള്‍ നാടകങ്ങള്‍. ഇവയിലൊന്നും പെടാതെ ഉത്സവപ്പറമ്പുകളെ കീഴടക്കികൊണ്ടുള്ള ബാലെകള്‍. എല്ലാം തിമിര്‍ത്തു മുന്നേറുന്നു. ഇടയ്ക്കു ചിലതൊക്കെ മുടന്തി വീണു.
ഇവയോടൊക്കെ ബഹുമാനം പുലര്‍ത്തിയിരുന്നെങ്കിലും ഇതൊന്നും  സ്വന്തം നാടിന്റെ പശിമ തേടിയുള്ള നാടക യാത്രയില്‍ നാരായണപ്പണിക്കര്‍ പാഥേയമാക്കിയില്ല. അദ്ദേഹം തനതു വഴിയിലൂടെ നടന്നു.
നാടകം സമഗ്രകല
സര്‍വകലകളുടെയും സംഗമഭൂമിയാണു നാടകമെന്നു നാരായണപ്പണിക്കര്‍ വിശ്വസിക്കുന്നു. ജീവിതത്തേക്കാള്‍ വലുതായി ജീവിതത്തെ ആവിഷ്‌കരിക്കാം. ജനങ്ങളുമായി ഏറ്റവും നന്നായി സംവദിക്കാനുതകുന്ന മാധ്യമവും നാടകം തന്നെ. പ്രയോഗങ്ങളിലൂടെ ശീലം വച്ച നാടകങ്ങള്‍ക്കു  രചിത ഗ്രന്ഥങ്ങളേക്കാള്‍ മനുഷ്യനിലേക്കു കടന്നു ചെല്ലാനാകും. ചെറുകഥയും നോവലും ആസ്വാദകന്‍ സ്വയം വായിച്ചു രസിക്കണം. കവിത പോലും എഴുത്തുകാരനും വായനക്കാരനുമായി രഹസ്യമായേ സംവദിക്കുന്നുള്ളു.  നാടകം മാത്രമാണു സജീവമായി പ്രേക്ഷകന്റെ മുന്നില്‍ സംവേദനം നിര്‍വഹിക്കുന്നത്. നാടകത്തിന്റേത് ഭാഷയ്ക്കു അതീതമായ ഭാഷയാണ്. മലയാള നാടക രചനയ്‌ക്കൊപ്പം ഭാസന്റെയും കാളിദാസന്റെയും സംസ്‌കൃത നാടകങ്ങള്‍ക്കു സ്വന്തം രംഗഭാഷ്യമൊരുക്കി. അവയെല്ലാം ലോകമാകമാനം കളിച്ചു. ഏറ്റവും ഒടുവില്‍ ഈ വര്‍ഷം ഉത്തരരാമചരിതം ഹിന്ദി നാടകവും അവതരിപ്പിച്ചു. ഭോപ്പാല്‍ സ്വദേശിയായ കവി ഉദയന്‍ വാജ്‌പേയി കാവാലത്താറിന്റെ തീരത്തെ പുതിയ വീട്ടിലിരുന്നു പത്തു നാള്‍ കൊണ്ടു ഉത്തരരാമചരിതം പരിഭാഷപ്പെടുത്തുമ്പോള്‍ മുഴുവന്‍ സമയവും താനും ഒപ്പമുണ്ടായിരുന്നെന്നു കാവാലം.
പുറം നാടുകള്‍ ആദരിച്ചത് അകമഴിഞ്ഞ്
കുട്ടനാടന്‍ നെല്ലറകളും പത്തായപ്പുരകളും നിറയുമ്പോള്‍ എന്നും ആഹ്‌ളാദം കൊള്ളുന്ന മനസാണ് ഈ കുട്ടനാട്ടുകാരന്റേത്. തന്റെ നാടിന്റെ സിദ്ധിവിശേഷത്തില്‍ അവിടുത്തെ മണ്ണില്‍ കലര്‍ന്ന കലാസമ്പത്തില്‍ ഊറ്റം കൊള്ളുന്ന മനസാണ് അദ്ദേഹത്തിന്റേത്.  തന്റെ കലാ പ്രവര്‍ത്തനങ്ങള്‍ തികഞ്ഞ വിജയമെന്നു അദ്ദേഹം വിലയിരുത്തുന്നു...
സംഗീത നാടക അക്കാദമി പ്രവര്‍ത്തനങ്ങള്‍ക്കായി 13 വര്‍ഷക്കാലം ജീവിച്ചത് സാംസ്‌കാരിക തലസ്ഥാനമായ തൃശൂരിലായിരുന്നു. കൂടിയാട്ടം എന്ന സംസ്‌കൃത നാടകാവതരണവും തെയ്യം തുടങ്ങിയ നാടോടികലകളുമായി അക്കാലത്തു കൂടുതല്‍ അടുത്തു. 1974 ല്‍ തിരുവനന്തപുരം തൃക്കണ്ണാപുരത്തു കരമനയാറിന്‍ തീരത്തേക്കു മാറി താമസിച്ചു. സ്വന്തം നാടകക്കളരി സോപാനം രൂപം കൊണ്ടു. അവനന്‍ കടമ്പ പിറന്നത് 1975 ലായിരുന്നു. സംവിധാനം ചെയ്തത് ജി. അരവിന്ദന്‍. കടമ്പ ഏറെ ചര്‍ച്ച ചെയ്യച്ചെട്ടു. ധാരാളം സ്ഥലങ്ങളില്‍ അവതരിപ്പിച്ചു. ഇന്നുമതു തുടരുന്നു.
സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി 78 ലാണു മധ്യമവ്യായോഗത്തിലൂടെ സംവിധായകനാകുന്നത്. ആ വര്‍ഷം ഉജ്ജയനിയില്‍ കാളിദാസ സമാരോഹില്‍ മധ്യമവ്യായോഗം സംസ്‌കൃതത്തില്‍ത്തന്നെ അരങ്ങേറി. പിന്നീട് നാടകങ്ങളേറെ ജനിച്ചു. കാളിദാസന്റെ  മൂന്നു നാടകങ്ങളും ഭാസന്‍ ആകെ രചിച്ച പതിമൂന്നില്‍ ഏഴു നാടകങ്ങളും അവതരിപ്പിച്ചു.


വൈദേശികതയെ ഭ്രാന്തമായി അനുകരിക്കുന്ന പ്രവണതയായിരുന്നു അക്കാലത്തു പല നാടകക്കാര്‍ക്കും. വിമര്‍ശകര്‍ ഏറെയുണ്ടായി. 'പൊറാട്ട്' എന്നു വരെ പരിഹാസം. കൃഷ്ണവാര്യര്‍. കൈനിക്കര തുടങ്ങിയവരുടെ ആക്ഷേപങ്ങള്‍.
മനസു പതറിയില്ല. വിശാലമായ കാഴ്ചപ്പാടില്‍ അടിയുറച്ചു വിശ്വസിച്ചു.ഭാരതത്തിന്റെ ആത്മാവ് അടുത്തറിഞ്ഞു പകര്‍ന്നു നല്‍കുകയായിരുന്നു ലക്ഷ്യം. നാട്യശാസ്ത്രവും പ്രയോഗകലകളുമെല്ലാം ചേര്‍ന്ന നാടകങ്ങള്‍ക്കു മലയാള നാട്ടിലും അറബ്‌രാജ്യങ്ങളിലും   യൂറോപ്പ്, റഷ്യ, ഗ്രീസ് തുടങ്ങിയിടങ്ങളിലുമെല്ലാം ആസ്വാദക വൃന്ദം രൂപപ്പെട്ടു. ആ വിശാലമായ ശൃംഖല ഇന്നും വളരുമ്പോള്‍ സംതൃപ്തിയാണ് ഉള്ളില്‍ നിറയുന്നത്. ഭരത്‌ഗോപി, നെടുമുടി വേണു, കൃഷ്ണന്‍കുട്ടി നായര്‍, ജഗന്നാഥന്‍ തുടങ്ങി എത്രയോ താരങ്ങള്‍ സ്വന്തം സംവിധാന കര്‍മ്മത്തിലൂടെ ഉദയം ചെയ്തു. മോഹന്‍ലാലിനെപ്പോലെ നാടകങ്ങളെ നെഞ്ചോടു ചേര്‍ക്കുന്ന കലാകാരന്മാര്‍ ഏറിവരുമ്പോള്‍ ജീവിതം സമര്‍പ്പിച്ച കലയുടെ വളര്‍ച്ച വ്യക്തമാകുന്നു. ടാഗോറിന്റെ രാജ, ഷേക്‌സ്പിയറുടെ ടെമ്പസ്റ്റ്, ഫ്രഞ്ചില്‍  നിന്നു ജീന്‍ പോള്‍ സര്‍ട്രെയുടെ ട്രോജന്‍ വിമന്‍, ഗ്രീക്കിലെ പ്രോമിത്യൂസ് ബൗണ്ട്  തുടങ്ങിയവ മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്തു. ചിലപ്പതികാരത്തിലെ കണ്ണകിയുടെ കഥ ഒറ്റമുലച്ചിയായും ശക്തിഭദ്രന്റെ ആശ്ചര്യ ചൂഢാമണിയില്‍ നിന്നു മായാസീതാംങ്കവും നാടക രൂപത്തില്‍ അവതരിച്ചു. ഉത്തര മലബാറിലെ മായിലോന്മാരുടെ കഥ പറഞ്ഞ കല്ലുരുട്ടി ഗോത്രവര്‍ഗ സംസ്‌കൃതിക്കു മേലുള്ള അധിനിവേശം തുറന്നുകാട്ടി. അവനവന്‍ കടമ്പ 35 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ കുവൈറ്റിലെ മലയാളി കൂട്ടായ്മയ്ക്കായി കളരി സംഘടിപ്പിച്ചു സംവിധാനം ചെയ്യേണ്ടി വന്നതും ആസ്വാദക വൃന്ദത്തിന്റെ പരപ്പ് തെളിയിക്കുന്നതായി.
കാവാലത്തെ പണിക്കര്‍ ത്രയം
സര്‍ദാര്‍ കെ.എം. പണിക്കര്‍, ഡോ. കെ. അയ്യപ്പപണിക്കര്‍, നാരായണ പണിക്കര്‍ കാവാലം ഗ്രാമം ലോകത്തിനു സമ്മാനിച്ച പ്രതിഭകള്‍. മരുമക്കത്തായ വ്യവസ്ഥയില്‍  ചാലയില്‍ തറവാടിന്റെ തായ്‌വഴിയായിരുന്ന ഓലിക്കല്‍ കുടുംബത്തിലാണു അയ്യപ്പപ്പണിക്കര്‍ ജനിച്ചത്. രക്ത ബന്ധത്തിനൊപ്പം നാരായണ പണിക്കര്‍ക്കു സുഹൃത്തു കൂടിയായിരുന്നു അദ്ദേഹം. ചെറുപ്പകാലത്തു നാടു നീളെ സഞ്ചരിച്ചു ഇരുവരും കവിത ചൊല്ലി. കലാകാരനും ഭരണ കര്‍ത്താവുമായിരുന്ന കെ.എം പണിക്കര്‍ നാരായണപ്പണിക്കരുടെ അമ്മാവനായിരുന്നു.
പഴയ ചാലയില്‍ പള്ളിക്കൂടത്തിലെ(ഇപ്പോള്‍ ഗവ.എല്‍.പി.എസ്.) മുത്തശി മാവിന്‍ ചുവട്ടില്‍ അടുത്തിടെ അവനവന്‍ കടമ്പ അരങ്ങേറി. നാട്ടുകാര്‍ക്കും കലാപരിശീലന കളരിയിലെ കുരുന്നു കൂട്ടുകാര്‍ക്കും മകന്‍ കാവാലം ശ്രീകുമാറിനുമൊപ്പം കാഴ്ചക്കാരനായി  കാവാലവും. കടമ്പ പിറവിയെടുത്ത കാലത്തു കൃഷ്ണന്‍കുട്ടിനായര്‍ ചെയ്ത ആട്ടപണ്ടാരമായി നിയോഗം പോലെ മകന്‍ ശിവകുമാര്‍. ഒപ്പം ഗിരീശന്‍, സജി, അനില്‍ പഴവീട്, മണികണ്ഠന്‍, കോമളന്‍ നായര്‍, രാജ്ആനന്ദ്, രഘുനാഥന്‍, പ്രവീണ്‍ ശര്‍മ, സതീശ് കുമാര്‍, അനില്‍, കൃഷ്ണകുമാര്‍, സുരേഷ്, സരിത തുടങ്ങി സോപാനത്തിലെ കലാകാരന്മാര്‍.  ഡോ. ബി ഇക്ബാലിനെ പോലുള്ളവരാല്‍ സദസ് സമ്പന്നം. പത്തു തവണ കടമ്പ കണ്ടിട്ടുണ്ട്. എന്നാല്‍ കാവാലം ദേശത്ത് അവതരിപ്പിക്കുമ്പോള്‍ അനുഭൂതി ഇരട്ടിച്ചതു പോലെയെന്നായിരുന്നു ഇക്ബാലിന്റെ വിലയിരുത്തല്‍.
ഇനി ഊര്‍മ്മിളയുടെ തീരാവ്യഥ
പരദേശികളുടെ അംഗീകാരപ്പെരുമഴയ്ക്കിടയിലും കാവാലം മലയാളത്തെ മറക്കുന്നില്ല. ഊര്‍മ്മിളയുടെ 14 വര്‍ഷം നീണ്ട നിദ്രാവിഹീനതയ്ക്കും  ലക്ഷ്മണന്റെ അസ്വസ്ഥതകള്‍ക്കും രംഗഭാഷ്യമൊരുക്കിയാണു മലയാളത്തിലേക്കുള്ള പ്രത്യാഗമനം.
സംസ്‌കൃത നാടകങ്ങള്‍ നാടോടി കലകളെ കൂട്ടു പിടിച്ചു രംഗാവിഷ്‌കരണം നടത്തിയവര്‍ മറ്റാരുണ്ട്? ശബ്ദത്തിന്റെയും വെളിച്ചത്തിന്റെയും കൃത്രിമലേശമില്ലാതെ സ്ഥലവും താളവൂം സമ്മേളിക്കുന്ന തുറസായ വേദികളില്‍... കുരുത്തോലയുടെ അലങ്കാരത്തില്‍, ചെരാതുകളുടെ  വെളിച്ചത്തില്‍ ഉണരുന്ന അരങ്ങൊരുക്കിയവര്‍ വേറെയാര്? കൂടിയാട്ടവും കൂത്തും മലയാളത്തിന്റെ ആത്മാവു നടുക്കുന്ന വട്ടിപ്പലിശക്കാരനും നാട്ടിലൂടെ ഒഴുകുന്ന പച്ച ശവങ്ങളും ഇരട്ടക്കണ്ണന്‍ പക്കിയും. ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ ഇത്രത്തോളം തുറന്നാവിഷ്‌കരിച്ചത് ഒരേയൊരു കാവാലമല്ലാതെ മറ്റാരാണ്? യവന നാടക കൃത്തായ അരിസ്‌റ്റോട്ടിലിന്റെ വികാരമലിനീകരണ തത്വം (Alienation effect) മുതല്‍ ബിര്‍ട്ടോള്‍ഡ് ബ്രസ്റ്റിയന്റെ അന്യവത്കരണ സിദ്ധാന്തം  (Catharisis) വരെ സ്വാംശീകരിച്ച് അനന്യനായി മാറിയില്ലേ മലയാളത്തിന്റെ ഈ മഹാനാടകാരന്‍.