Friday 20 August 2010

കാവാലം സൂര്യ - കര്‍മ പഥത്തില്‍ 15 സംവത്സരങ്ങള്‍



കുട്ടനാടിനും കാവാലം ഗ്രാമത്തിനും തിലകക്കുറിയായി കാവാലം സൂര്യ പ്രവര്‍ത്തനം ആരംഭിച്ചിട്ട് 15 സംവത്സരങ്ങള്‍ പൂര്‍ത്തിയാകുന്ന ഈ അവസരത്തില്‍ കാവാലം ഗ്രാമമാകെ ഉത്സവലഹരിയില്‍ ആറാടുകയാണ്. 15 -)o വാര്‍ഷികവും ഓണഘോഷപ്പരിപാടികളും നിരവധി പുതുമയാര്‍ന്ന പരിപാടികളോടെ ഓഗസ്റ്റ്‌ 23, 24, 25 തീയതികളില്‍ നടത്തപ്പെടുന്നു. മേളവാദ്യകുലപതി മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാര്‍, സംഗീത നാടക അക്കാദമി അവാര്‍ഡ്‌ ജേതാവ് കാഞ്ചി കാമകോടി തവില്‍ ഇളം ചക്രവര്‍ത്തി ആലപ്പുഴ ആര്‍. കരുണാമൂര്‍ത്തി  എന്നിവര്‍ക്ക് ഗംഭീര സ്വീകരണം നല്‍കുന്ന സാംസ്കാരിക സമ്മേളനത്തില്‍ പ്രശസ്ത സിനിമാ സീരിയല്‍ താരം അനൂപ്‌ ചന്ദ്രന്‍ മുഖ്യാതിഥിയാകും. കലാസാംസ്കാരികരാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖ വ്യക്തികള്‍ പങ്കെടുക്കുന്ന വാര്‍ഷികാഘോഷങ്ങളില്‍ കാവാലം സൂര്യയുടെ 15-)o വാര്‍ഷിക സ്മാരക സംഗീത ആല്‍ബം  ആയ "സൂര്യോദയം" ഓഡിയോ സിഡി പ്രകാശനവും നടക്കും. ആദരണീയനായ ശ്രീ കാവാലം നാരായണപ്പണിക്കര്‍ രചന നിര്‍വഹിച്ച ഗാനങ്ങള്‍ക്ക് ശ്രീ. കാവാലം സജീവ്‌ ആണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. കോട്ടയം ഫ്രണ്ട്സ് ഓര്‍ക്കസ്ട്ര അവതരിപ്പിക്കുന്ന ഗാനമേളയോടെ കലാപരിപാടികള്‍ക്ക് തിരശീല വീഴുമ്പോള്‍ പുതിയൊരു വര്‍ഷത്തില്‍ കൂടുതല്‍ മികച്ച പ്രവര്‍ത്തനങ്ങളിലൂടെ കാവാലം ഗ്രാമത്തിന്റെ യശസ്സുയര്ത്തുമെന്ന പ്രതിജ്ഞയോടെ  ഞങ്ങള്‍ പ്രവര്‍ത്തകരും വാര്‍ഷികാഘോഷങ്ങളോടു വിടപറയും.

ഓണോല്‍സവം -2010 നു സഹായഹസ്തവുമായി എത്തിയ പ്രിയങ്കരരായ മോഹനന്‍ നായര്‍  ആടിക്കോണിക്കല്‍ (ഗുജറാത്ത്), തോമസ്‌. പി. ജോയ് പുത്തന്‍ വീട് (കുവൈറ്റ്‌), മാര്‍ട്ടിന്‍ ജോസഫ്‌ പെരുമ്പുഴ (ഇറ്റലി) എന്നിവര്‍ക്ക് കാവാലം സൂര്യയുടെ നിസ്സീമമായ നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു.


ഓണോല്‍സവത്തിന്  സംഭാവനകള്‍ നല്‍കുവാനും, ട്രോഫികള്‍, ക്യാഷ് അവാര്‍ഡുകള്‍, മറ്റു പ്രോത്സാഹന സമ്മാനങ്ങള്‍ തുടങ്ങിയവ സ്പോണ്‍സര്‍  ചെയ്യുവാനും ആഗ്രഹിക്കുന്ന നല്ലവരായ കലാ പ്രേമികള്‍  കൂടുതല്‍ വിവരങ്ങള്‍ക്കായി ഞങ്ങളുടെ കോ- ഓര്‍ഡിനേറ്ററുമായി താഴെപ്പറയുന്ന അഡ്രസില്‍ ബന്ധപ്പെടുവാന്‍ അഭ്യര്‍ത്ഥിക്കുന്നു. ‌


ഇമെയില്‍ - sivakvlm@gmail.com , sivaprasad.kunjanpillai@gmail.com
മൊബൈല്‍ - +91-974-550-6331

Wednesday 11 August 2010

കരക്കാരുടെ കരുത്തില്‍ കാവാലത്തിന്റെ രണ്ടാംവരവ് ***

സ്വന്തം കരക്കാരുടെ കരുത്തില്‍ നെഹ്‌റുട്രോഫിയില്‍ മത്സരിക്കുന്ന ഏക ചുണ്ടന്‍ വള്ളമെന്ന ഖ്യാതിയുമായി കാവാലം പോരിനൊരുങ്ങുന്നു.

ചുണ്ടന്‍ വള്ളങ്ങള്‍ക്കിടയിലെ താരരാജാവാണു ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കൈയൊപ്പുള്ള ട്രോഫി ആദ്യം നേടിയ കാവാലം.

അനേകം സിനിമാഗാനങ്ങളിലൂടെയും ഓണപ്പാട്ടുകളിലൂടെയും മലയാള സാഹിത്യനഭസില്‍ നക്ഷത്രമായി മാറിയ ഈ ചുണ്ടന്റെ പേരില്‍ 1967ല്‍ ഒരു സിനിമതന്നെ പുറത്തിറങ്ങി. 1954, 56, 58, 60, 62 വര്‍ഷങ്ങളില്‍ കാവാലം ബോട്ട്‌ക്ലബ്‌ തുഴഞ്ഞ്‌ നെഹ്‌റുട്രോഫി നേടിയ കാവാലം ചുണ്ടന്‍ ഏതാനും വര്‍ഷങ്ങളായി ജലോത്സവങ്ങളില്‍നിന്നു വിട്ടുനില്‍ക്കുകയായിരുന്നു.

കാവാലം പുത്തന്‍ചുണ്ടന്‍ എന്ന സ്വപ്‌ന സാക്ഷാത്‌കാരംകൂടി ഉന്നമിട്ടാണു കാവാലം ബോട്ട്‌ക്ലബ്‌ ഇക്കുറി നെഹ്‌റുട്രോഫിയില്‍ മത്സരിക്കുന്നത്‌. കാവാലം കരയ്‌ക്ക് അഭിമാനമായി പുതിയൊരു ചുണ്ടന്‍ എന്ന നാനാതുറകളിലുള്ളവരുടെ വാഗ്‌ദാനം ജലോത്സവ പ്രേമികളെയാകെ ആവേശത്തിന്റെ അമരത്തിലേറ്റുന്നു. മരണഗ്രൂപ്പെന്നു വള്ളംകളി വിദഗ്‌ധര്‍ വിലയിരുത്തുന്ന മൂന്നാം ഹീറ്റ്‌സിലാണു കാവാലം ചുണ്ടന്റെ ആദ്യ മത്സരം. മൂന്നാം ട്രാക്കില്‍ ഇറങ്ങുന്ന കാവാലത്തിന്റെ എതിരാളികള്‍ ഹാട്രിക്‌ വിജയം തേടിയെത്തുന്ന കൊല്ലം ജീസസിന്റെ കാരിച്ചാലും കിരീടം തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യവുമായി മാത്രമെത്തുന്ന കുമരകം ടൗണ്‍ ക്ലബിന്റെ ജവഹര്‍തായങ്കരിയും കരുത്തരായ എമിറേറ്റ്‌സ് ക്ലബിന്റെ ഇല്ലിക്കളം ചുണ്ടനുമാണ്‌.

അമ്പത്തിയൊന്നേകാല്‍ കോല്‍ നീളവും 56 അംഗുലം വീതിയുമുള്ള കാവാലം ചുണ്ടനില്‍ 87 തുഴക്കാരും ഒമ്പത്‌ നിലക്കാരം അഞ്ച്‌ പങ്കായക്കാരും അണിനിരക്കും. ജോയിച്ചന്‍ മട്ടാഞ്ചേരിയാണ്‌ ക്യാപ്‌റ്റന്‍. പി.കെ. രാജപ്പന്‍ ലീഡിംഗ്‌ ക്യാപ്‌റ്റനാണ്‌. എന്‍.കെ. പുരുഷോത്തമന്‍ (സെക്രട്ടറി), പ്രിന്‍സ്‌ (ട്രഷറര്‍) തുടങ്ങിയവരുടെ നേതൃത്വത്തിലാണ്‌ പുനഃസംഘടിപ്പിക്കപ്പെട്ട കാവാലം ബോട്ട്‌ക്ലബിന്റെ പ്രവര്‍ത്തനം.

***കടപ്പാട് - മംഗളം ദിനപ്പത്രം

കറുത്ത കുതിരകളാകാന്‍ ശ്രീഗണേഷിലേറി കാവാലത്തിന്റെ കരുമാടിക്കുട്ടന്‍മാര്‍***

കാവാലം: പുന്നമടയിലെ ഓളപ്പരപ്പില്‍ അദ്‌ഭുത കുതിപ്പിനൊരുങ്ങുകയാണ്‌ ഇക്കുറി ശ്രീഗണേഷ്‌ ചുണ്ടന്‍. നെഹ്‌റുട്രോഫിയെന്ന ഏക ലക്ഷ്യവുമായി കാവാലത്തിന്റെ കരുമാടിക്കുട്ടന്‍മാര്‍ പോരിനിറങ്ങുമ്പോള്‍ എതിരാളികളുടെ പേടിസ്വപ്‌നമായി ശ്രീഗണേഷ്‌ മാറിക്കഴിഞ്ഞു.

ജലോത്സവവേദികളിലെ നാടിന്റെ നഷ്‌ടപ്രതാപം വീണ്ടെടുക്കാന്‍ രൂപംകൊണ്ട കാവാലം കരുമാടിക്കുട്ടന്‍ ബോട്ട്‌ക്ലബ്‌ ഇരുപത്തിയഞ്ചുനാള്‍ കഠിന പരിശീലനം നടത്തിയാണ്‌ അങ്കത്തിനിറങ്ങുന്നത്‌. പഴയ പായിപ്പാട്‌ ചുണ്ടനാണ്‌ 2002ല്‍ പുതുക്കിപ്പണിത്‌ ശ്രീഗണേഷായത്‌. 2006ല്‍ ഹീറ്റ്‌സ് മത്സരത്തില്‍ നാലു മിനിറ്റ്‌ 44.46 സെക്കന്‍ഡില്‍ ഫിനിഷ്‌ ചെയ്‌ത് ശ്രീഗണേഷ്‌ കുറിച്ച റെക്കോഡ്‌ ഇതുവരെയും ഭേദിക്കാനായിട്ടില്ല. കുമരകം ബോട്ട്‌ക്ലബിന്റെ കരുത്തില്‍ കഴിഞ്ഞ തവണ റണ്ണേഴ്‌സ് അപ്പായിരുന്ന ശ്രീഗണേഷ്‌ ഇത്തവണ തികഞ്ഞ പ്രതീക്ഷയിലാണ്‌.

രണ്ടാം ഹീറ്റ്‌സില്‍ 2007ലെ ചാമ്പ്യന്മാരായ കൊല്ലം ടൗണ്‍ ക്ലബിന്റെ ആനാരി, പുളിങ്കുന്ന്‌, വലിയദിവാന്‍ജി ചുണ്ടനുകളുമായാണ്‌ ശ്രീഗണേഷിന്റെ പ്രഥമ മത്സരം. 36 വര്‍ഷമായി അമേരിക്കയില്‍ ജോലി ചെയ്യുന്ന പുളിങ്കുന്ന്‌ വാച്ചാപറമ്പില്‍ മാത്യു കുഞ്ചെറിയയാണ്‌ ക്യാപ്‌റ്റന്‍. കരുത്തുറ്റ ബോട്ട്‌ക്ലബ്‌ വേണമെന്ന ആഗ്രഹത്തോടെ കാവാലത്തെ ജലോത്സവ പ്രേമികള്‍ രണ്ടുവര്‍ഷമായി നടത്തിയ പരിശ്രമങ്ങള്‍ക്കു ശക്‌തമായ പിന്തുണ നല്‍കിയത്‌ മാത്യു കുഞ്ചെറിയയായിരുന്നു. കുന്നുമ്മയിലെ ക്യാമ്പിംഗ്‌ കേന്ദ്രത്തില്‍ മുഴുവന്‍ സമയവും തമ്പടിച്ചാണു ടീമിന്റെ പരിശീലനം. തുഴച്ചിലിനൊപ്പം വ്യായാമം, യോഗ, നീന്തല്‍ തുടങ്ങി പരിശീലനമുറകളേറെ. രാവിലെയും വൈകിട്ടുമായി രണ്ടുതവണ പ്രിയ ടീം കാവാലത്താറ്റില്‍ പരിശീലനത്തിനിറങ്ങുമ്പോള്‍ കരകളില്‍ ആവേശം വാനോളമുയരുന്നു. 140ഓളം പേര്‍ക്കാണ്‌ പരിശീലനം നല്‍കി സുസജ്‌ജരാക്കിയിരിക്കുന്നതെന്ന്‌് ക്ലബ്‌ സെക്രട്ടറിയും ലീഡിംഗ്‌ ക്യാപ്‌റ്റനുമായ ഷാജി ചേരമന്‍ പറഞ്ഞു. ടീം ഇത്തവണ നെഹ്‌റുട്രോഫി നേടുമെന്ന ഉറച്ച വിശ്വാസമാണുള്ളതെന്നു ക്ലബ്‌ പ്രസിഡന്റും ജില്ലാ പഞ്ചായത്തംഗവുമായ പി.വി. രാമഭദ്രനും പറയുന്നു.

ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ്‌ കമ്പനിയുമായി ചേര്‍ന്ന്‌ ഓരോ തുഴച്ചില്‍കാര്‍ക്കും അഞ്ചുലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ്‌ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. അമ്പത്തിരണ്ടേകാല്‍ കോല്‍ നീളവും 51 അംഗുലം വീതിയുമുള്ള ശ്രീഗണേഷില്‍ അഞ്ചു പങ്കായക്കാരും ഒമ്പതു നിലക്കാരും അടക്കം 99 പേര്‍ അണിനിരക്കും. കാരിച്ചാല്‍ സ്വദേശിയായ ക്യാപ്‌റ്റന്‍ ആര്‍.കെ. കുറുപ്പാണ്‌ വള്ളം ഉടമ. ഹരികുമാര്‍ ഒന്നാം പങ്കായക്കാരനും സാബു കൊച്ചുപുരയ്‌ക്കല്‍ ഒന്നാം തുഴക്കാരനുമാണ്‌

***കടപ്പാട് - മംഗളം ദിനപ്പത്രം

Wednesday 4 August 2010

ജലയുദ്ധത്തിന് ആരവമായി

  ലോകമെമ്പാടുമുള്ള ജലോല്സവപ്രേമികള്‍ ആവേശത്തോടെ കാത്തിരുന്ന ആ സുദിനം വരവായി. ഓളപ്പരപ്പിലെ ഒളിമ്പിക്സ്‌ 2010 ഓഗസ്റ്റ്‌ 14 -)o തീയതി പുന്നമടക്കായലില്‍ അരങ്ങേറുമ്പോള്‍ അത്യന്തം ആവേശകരമായ പോരാട്ടങ്ങള്‍ തന്നെയാണ് നമ്മളെ കാത്തിരിക്കുന്നത്. കുട്ടനാടന്‍ കൈക്കരുത്തിനെ  വെല്ലു വിളിക്കാന്‍ കോട്ടയത്തെയും കൊല്ലത്തെയും ബോട്ട് ക്ലബ്ബുകള്‍ കച്ചകെട്ടിയിറങ്ങുമ്പോള്‍ തീ പാറുന്ന ഒരു കൂട്ടം പോരാട്ടങ്ങള്‍ക്ക് പുന്നമടക്കായല്‍ സാക്ഷ്യം വഹിക്കും. 58-) മത് നെഹ്‌റു ട്രോഫി വള്ളംകളിയില്‍ 19 ചുണ്ടന്‍ വള്ളങ്ങളുള്‍പ്പടെ 60 കളി വള്ളങ്ങളാണ് ഇത്തവണ മത്സരിക്കുന്നത്. ചുണ്ടന് പുറമേ വെപ്പ്, ഇരുട്ടുകുത്തി, ഓടി തുടങ്ങിയ ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. ഒന്നാം സ്ഥാനം നേടുന്ന ചുണ്ടന് ഒരു ലക്ഷം രൂപയും രണ്ടാം സ്ഥാനം നേടുന്ന ചുണ്ടന് 50,000 രൂപയുമാണ് സമ്മാനമായി കിട്ടുക. ഇതോടൊപ്പം ഫൈനലില്‍ കടക്കുന്ന നാല് ചുണ്ടന്‍ വള്ളങ്ങള്‍ക്ക് 85,000 രൂപ വീതം ബോണസും ലഭിക്കും. ബഹുമാനപ്പെട്ട രാഷ്‌ട്രപതി പ്രതിഭ പാട്ടീല്‍ മുഖ്യാതിഥിയായെത്തുന്ന ഈ വര്‍ഷത്തെ വള്ളംകളിയില്‍ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഘര്‍ പങ്കെടുക്കും.


ജലരാജാവിനെ വാഴിക്കാനുള്ള അങ്കത്തിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കെ കരക്കാര്‍ ആവേശത്തിന്‍റെ അമരത്താണ് . കൈയും മെയ്യും മറന്ന് പരിശീലനത്തിരക്കിലാണ് പ്രമുഖ ബോട്ട് ക്ലബുകളെല്ലാം.ഓഗസ്ററ് 14 ന് ആലപ്പുഴയില്‍ നെഹ്റുട്രോഫി വള്ളംകളിക്ക് ആദ്യവിസില്‍ മുഴങ്ങുന്നതോടെ ആവേശം ക്ലൈമാക്സിലെത്തും.പണ്ടിട്റ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കയ്യോപ്പോട് കൂടിയ ആ വെള്ളിക്കപ്പു സ്വന്തമാക്കുന്നതിനു ഇത്തവണ പ്രമുഖ ബോട്ട്‌ക്ലബുകള്‍ ഒരുങ്ങുന്നത്‌ നീണ്ടകാലത്തെ പരിശീലനത്തോടെയാണ് . മുന്‍ വര്‍ഷങ്ങളില്‍ രണ്ടാഴ്‌ച പരിശീലന തുഴച്ചില്‍ നടത്തിയാണു മുന്‍നിര ക്ലബുകള്‍ ആലപ്പുഴ പുന്നമടക്കായലില്‍ എത്തിയിരുന്നതെങ്കില്‍ ഇക്കുറി ഒരുമാസത്തിലേറെ നീണ്ട തീവ്ര പരിശീലനമാണു ആരംഭിച്ചിരിക്കുന്നത്‌. കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ കൊല്ലം ജീസസ്‌ ബോട്ട്‌ക്ലബ്‌ കാരിച്ചാല്‍ ചുണ്ടനില്‍ കുമളിയില്‍ തടാകത്തിലാണു പരിശീലനം തുടങ്ങിയിരിക്കുന്നത്‌. ലോകകപ്പ്‌ ഫുട്‌ബോളിനു ചില ടീമുകള്‍ അജ്‌ഞാതകേന്ദ്രങ്ങളില്‍ പരിശീലനം നടത്തിയതുപോലെ ഓളപ്പരപ്പിലെ ഒളിമ്പിക്‌സിനുള്ള ഈ മുന്നൊരുക്കം ജലോത്സവപ്രേമികളില്‍ അദ്‌ഭുതത്തിനൊപ്പം ആവേശവും ഉണര്‍ത്തിയിട്ടുണ്ട്. നെഹ്‌റു ട്രോഫി ജലമേളയില്‍ ഇക്കുറി കാവാലം കരയ്ക്ക്‌ രണ്ടു ചുണ്ടന്‍ വള്ളങ്ങളാണുള്ളത് ... കാവാലം കരുമാടിക്കുട്ടന്‍ ബോട്ട് ക്ലബ്‌ ശ്രീ ഗണേഷ് ചുണ്ടനിലും സഹോദരക്ലബ്‌ കാവാലം ബോട്ട് ക്ലബ്‌ കാവാലം ചുണ്ടനിലും മത്സരത്തിനിറങ്ങും... 

ജലോല്സവപ്രേമികള്‍ക്കായി 2010 നെഹ്‌റു ട്രോഫിയിലെ ചുണ്ടന്‍ വള്ളങ്ങളുടെ മത്സരക്രമം താഴെക്കൊടുക്കുന്നു. പുന്നമടക്കായലില്‍ ഒരു പുതിയ ജലരജാവിന്റെ കിരീടധാരണത്തിനായി നമ്മുക്ക് ആവേശത്തോടെ കാത്തിരിക്കാം.






































 














Monday 2 August 2010

ഓണോല്സവം 2010

പ്രീയപ്പെട്ടവരെ കര്‍ക്കിടകം പെയ്തൊഴിഞ്ഞു ചിങ്ങവെയിലും ഓണനിലാവും പരക്കുന്നു. മലയാള നാടിനിതു വസന്തകാലം. എണ്ണമറ്റ സ്മരണകളുടെ ഇതിഹാസ ഭൂമിയില്‍ സത്യസന്ധവും  ഊര്‍ജസ്വലവുമായ പ്രവര്‍ത്തന മികവുമായി കാവാലം സൂര്യ യുവജനക്ഷേമ കേന്ദ്രം ഈ ചെത്ര മാസത്തില്‍ ഒന്നര പതിറ്റാണ്ടിന്റെ ചരിത്രം കുറിക്കുകയാണ്.

കായല്‍ രാജാവ്‌ മുരിക്കന്‍ തീര്‍ത്ത  കണ്ണെത്താദൂരം പരന്ന കായല്‍ നിലങ്ങള്‍........പണിക്കര്‍ ത്രയം കലയുടെയും സാഹിത്യത്തിന്റെയും വിസ്മയം വിരിയിച്ച പൂക്കൈതയാറിന്‍ തീരം.........വെല്ലുവിളികളെ വള്ളപ്പാടുകള്‍ക്ക് തുഴഞ്ഞു തോല്‍പ്പിക്കുന്ന കുട്ടനാടന്‍ കൈക്കരുത്ത്.....മണ്ണില്‍ പൊന്നു വിളയിക്കുന്ന തൊഴിലാളി ഐക്യം......നാടിന്റെ പൈതൃകങ്ങള്‍ നെഞ്ചിലേറ്റി നന്മയുള്ളവര്‍ ചൊരിഞ്ഞ അകമഴിഞ്ഞ പിന്തുണയുമായി കാവാലം സൂര്യ   യാത്ര തുടരുന്നു..... ഗ്രാമത്തിന്റെ ഹൃദയത്തുടിപ്പുകള്‍ തേടി, നന്മകള്‍ തേടിയാണീ പ്രയാണം....നാടിനെ ഗ്രസിക്കുന്ന വിപത്തുകള്‍ക്കെതിരെ നമ്മുക്ക് ഒരുമയുടെ മനുഷ്യമതില്‍ തീര്‍ക്കാം. ഒപ്പം ഓണോല്സവം ഹൃദയത്തിലേറ്റാന്‍ ഏവരേയും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു. 

  
ഓണോല്സവം 2010 ലെ കാര്യപരിപാടികളെ കുറിച്ചറിയാന്‍ താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്യുക