Monday 1 March 2010

കാവാലം ചുണ്ടന്‍


കുട്ടനാടിന്റെ കായികമാമാങ്കമായ നെഹ്‌റു ട്രോഫി വള്ളം കളിയില്‍, പണ്ഡിറ്റ്‌ ജവഹര്‍ലാല്‍ നെഹ്രുവിന്റെ കയ്യൊപ്പു പതിഞ്ഞ ആ വെള്ളി കപ്പ് ആദ്യമായി സ്വന്തമാക്കിയ കാവാലം ചുണ്ടന്‍ തിരിച്ചു വരവിനൊരുങ്ങുന്നു. 1949, 1950, 1958, 1960, 1962 വര്‍ഷങ്ങളില്‍ നെഹ്‌റു ട്രോഫിയില്‍ മുത്തമിട്ട്‌  ജലോല്സവപ്രേമികളുടെ ഹൃദയത്തുടിപ്പായി മാറിയ  ചെയ്ത കാവാലം ചുണ്ടന്‍ നെഹ്‌റു ട്രോഫി ജലോത്സവ ചരിത്രത്തില്‍ ഒട്ടേറെ തിളങ്ങുന്ന അദ്ധ്യായങ്ങള്‍ എഴുതി ചേര്‍ത്തിട്ടുണ്ട്. " കൈനകരി പുത്തന്‍ ചുണ്ടന്‍ " എന്നറിയപ്പെട്ടിരുന്ന   ഈ ചുണ്ടന്‍ വള്ളം 1942ല്‍ ജലോല്സവപ്രേമിയായ ശ്രീ. കൊച്ചുപുരയ്ക്കല്‍ ഔസേപ്പ് തൊമ്മന്‍ വിലയ്ക്ക് വാങ്ങി  അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് 1943ല്‍ "കാവാലം ചുണ്ടന്‍" എന്ന പേരില്‍ നീറ്റിലിറക്കി . പിന്നീടു നടന്ന പല ജലോല്സവങ്ങളിലും വെന്നിക്കൊടി പാറിച്ചു കൊണ്ട്  കാവാലം ചുണ്ടന്‍  ചുണ്ടന്‍വള്ളങ്ങളില്‍ അനിഷേധ്യമായ സ്ഥാനം അരക്കിട്ടുറപ്പിച്ചു . ശ്രീ. ശശികുമാറിന്റെ  സംവിധാനത്തില്‍ സത്യന്‍ മാഷ്, ശാരദ തുടങ്ങിയവര്‍ അഭിനയിച്ച്  1967ല്‍ പുറത്തിറങ്ങിയ കാവാലം ചുണ്ടന്‍ എന്ന ചിത്രവും 1979ല്‍ പുറത്തിറങ്ങിയ "സിംഹാസനം" എന്ന ചിത്രത്തില്‍ യേശുദാസും വാണി ജയറാമും ചേര്‍ന്നു പാടിയ  കാവാലം ചുണ്ടന്‍ വള്ളം അണിഞ്ഞൊരുങ്ങി എന്ന ഗാനവും കാവാലം ചുണ്ടന് ജനമനസ്സുകളില്‍ ഉദാത്തമായ ഒരു സ്ഥാനം നേടിക്കൊടുത്തു.  കാലപ്രവാഹത്തിന്റെ നീര്‍ച്ചുഴില്‍പ്പെട്ട് വിസ്മൃതിയിലാണ്ടു പോയ ഈ ജലരാജാവിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ ജലോല്സവപ്രേമികളായ ഒരു കൂട്ടം നാട്ടുകാര്‍ സജീവപ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. ഈ കഴിഞ്ഞ ജനുവരിമാസം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീ. പി. വി. രാമഭദ്രന്റെ നേതൃത്വത്തില്‍ കൂടിയ സമ്മേളനത്തില്‍ "കാവാലം ബോട്ട് ക്ലബ്‌" പുനരുജ്ജീവിപ്പിക്കുന്നതിനുള്ള നടപടികള്‍ക്ക് ആരഭം കുറിക്കുകയുണ്ടായി. 2010ലെ നെഹ്‌റു ട്രോഫി ജലോത്സവത്തില്‍ കാവാലം ബോട്ട് ക്ലബ്‌ "ശ്രീ ഗണേഷ്" ചുണ്ടനില്‍ മത്സരിക്കുവാനും 2011 നെഹ്‌റു ട്രോഫിയ്ക്കുമുന്പായി കാവാലം പുത്തന്‍ ചുണ്ടന്‍ നീറ്റില്‍ ഇറക്കുവാനും ഈ പൊതുയോഗം തീരുമാനിച്ചു. കാവാലം ചുണ്ടന്‍ വള്ളത്തിന്റെ വിജയഗാഥ കേരളക്കരയാകെ 
പാടിനടക്കുന്ന ആ നല്ലനാളേക്കുവേണ്ടി നമ്മുക്ക് 
പ്രതീക്ഷകളോടെ കാത്തിരിക്കാം.

3 comments:

philip California said...

kavalame kadalmathi poovadame... my dear kavalam i miss u.

Ansi kuriakose Kannoor said...

Aaaavesammm vaaanolam.

santhosh kumar kavalam said...

kannanen kavalam