Wednesday 11 August 2010

കറുത്ത കുതിരകളാകാന്‍ ശ്രീഗണേഷിലേറി കാവാലത്തിന്റെ കരുമാടിക്കുട്ടന്‍മാര്‍***

കാവാലം: പുന്നമടയിലെ ഓളപ്പരപ്പില്‍ അദ്‌ഭുത കുതിപ്പിനൊരുങ്ങുകയാണ്‌ ഇക്കുറി ശ്രീഗണേഷ്‌ ചുണ്ടന്‍. നെഹ്‌റുട്രോഫിയെന്ന ഏക ലക്ഷ്യവുമായി കാവാലത്തിന്റെ കരുമാടിക്കുട്ടന്‍മാര്‍ പോരിനിറങ്ങുമ്പോള്‍ എതിരാളികളുടെ പേടിസ്വപ്‌നമായി ശ്രീഗണേഷ്‌ മാറിക്കഴിഞ്ഞു.

ജലോത്സവവേദികളിലെ നാടിന്റെ നഷ്‌ടപ്രതാപം വീണ്ടെടുക്കാന്‍ രൂപംകൊണ്ട കാവാലം കരുമാടിക്കുട്ടന്‍ ബോട്ട്‌ക്ലബ്‌ ഇരുപത്തിയഞ്ചുനാള്‍ കഠിന പരിശീലനം നടത്തിയാണ്‌ അങ്കത്തിനിറങ്ങുന്നത്‌. പഴയ പായിപ്പാട്‌ ചുണ്ടനാണ്‌ 2002ല്‍ പുതുക്കിപ്പണിത്‌ ശ്രീഗണേഷായത്‌. 2006ല്‍ ഹീറ്റ്‌സ് മത്സരത്തില്‍ നാലു മിനിറ്റ്‌ 44.46 സെക്കന്‍ഡില്‍ ഫിനിഷ്‌ ചെയ്‌ത് ശ്രീഗണേഷ്‌ കുറിച്ച റെക്കോഡ്‌ ഇതുവരെയും ഭേദിക്കാനായിട്ടില്ല. കുമരകം ബോട്ട്‌ക്ലബിന്റെ കരുത്തില്‍ കഴിഞ്ഞ തവണ റണ്ണേഴ്‌സ് അപ്പായിരുന്ന ശ്രീഗണേഷ്‌ ഇത്തവണ തികഞ്ഞ പ്രതീക്ഷയിലാണ്‌.

രണ്ടാം ഹീറ്റ്‌സില്‍ 2007ലെ ചാമ്പ്യന്മാരായ കൊല്ലം ടൗണ്‍ ക്ലബിന്റെ ആനാരി, പുളിങ്കുന്ന്‌, വലിയദിവാന്‍ജി ചുണ്ടനുകളുമായാണ്‌ ശ്രീഗണേഷിന്റെ പ്രഥമ മത്സരം. 36 വര്‍ഷമായി അമേരിക്കയില്‍ ജോലി ചെയ്യുന്ന പുളിങ്കുന്ന്‌ വാച്ചാപറമ്പില്‍ മാത്യു കുഞ്ചെറിയയാണ്‌ ക്യാപ്‌റ്റന്‍. കരുത്തുറ്റ ബോട്ട്‌ക്ലബ്‌ വേണമെന്ന ആഗ്രഹത്തോടെ കാവാലത്തെ ജലോത്സവ പ്രേമികള്‍ രണ്ടുവര്‍ഷമായി നടത്തിയ പരിശ്രമങ്ങള്‍ക്കു ശക്‌തമായ പിന്തുണ നല്‍കിയത്‌ മാത്യു കുഞ്ചെറിയയായിരുന്നു. കുന്നുമ്മയിലെ ക്യാമ്പിംഗ്‌ കേന്ദ്രത്തില്‍ മുഴുവന്‍ സമയവും തമ്പടിച്ചാണു ടീമിന്റെ പരിശീലനം. തുഴച്ചിലിനൊപ്പം വ്യായാമം, യോഗ, നീന്തല്‍ തുടങ്ങി പരിശീലനമുറകളേറെ. രാവിലെയും വൈകിട്ടുമായി രണ്ടുതവണ പ്രിയ ടീം കാവാലത്താറ്റില്‍ പരിശീലനത്തിനിറങ്ങുമ്പോള്‍ കരകളില്‍ ആവേശം വാനോളമുയരുന്നു. 140ഓളം പേര്‍ക്കാണ്‌ പരിശീലനം നല്‍കി സുസജ്‌ജരാക്കിയിരിക്കുന്നതെന്ന്‌് ക്ലബ്‌ സെക്രട്ടറിയും ലീഡിംഗ്‌ ക്യാപ്‌റ്റനുമായ ഷാജി ചേരമന്‍ പറഞ്ഞു. ടീം ഇത്തവണ നെഹ്‌റുട്രോഫി നേടുമെന്ന ഉറച്ച വിശ്വാസമാണുള്ളതെന്നു ക്ലബ്‌ പ്രസിഡന്റും ജില്ലാ പഞ്ചായത്തംഗവുമായ പി.വി. രാമഭദ്രനും പറയുന്നു.

ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ്‌ കമ്പനിയുമായി ചേര്‍ന്ന്‌ ഓരോ തുഴച്ചില്‍കാര്‍ക്കും അഞ്ചുലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ്‌ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. അമ്പത്തിരണ്ടേകാല്‍ കോല്‍ നീളവും 51 അംഗുലം വീതിയുമുള്ള ശ്രീഗണേഷില്‍ അഞ്ചു പങ്കായക്കാരും ഒമ്പതു നിലക്കാരും അടക്കം 99 പേര്‍ അണിനിരക്കും. കാരിച്ചാല്‍ സ്വദേശിയായ ക്യാപ്‌റ്റന്‍ ആര്‍.കെ. കുറുപ്പാണ്‌ വള്ളം ഉടമ. ഹരികുമാര്‍ ഒന്നാം പങ്കായക്കാരനും സാബു കൊച്ചുപുരയ്‌ക്കല്‍ ഒന്നാം തുഴക്കാരനുമാണ്‌

***കടപ്പാട് - മംഗളം ദിനപ്പത്രം

1 comment:

suresh, palakkadu said...

sree ganesh chundanum captain mathew kuncheria vachaparambilinum wishes...