Friday 10 December 2010

കാവാലത്തിന്റെ സാമൂഹ്യ-സാംസ്കാരിക ചരിത്രം

ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കില്‍ വെളിയനാട് ബ്ളോക്കു പരിധിയില്‍ വരുന്ന ഒരു ഗ്രാമപഞ്ചായത്താണ് കാവാലം. ഈ പഞ്ചായത്തിന് 17.25 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയാണുള്ളത്. കുട്ടനാടന്‍ നെല്ലറയുടെ നായകസ്ഥാനം വഹിക്കുന്ന കാവാലം ഗ്രാമം കായല്‍ രാജാവെന്ന പേരില്‍ അറിയപ്പെട്ടിരുന്ന മുരിക്കന്റെ നാടാണ്. മലയാളത്തിലെ പുകഴ്പെറ്റ പല കലാകാരന്മാരുടേയും ജന്മദേശം കൂടിയാണ് ഈ ഗ്രാമം. ദ്വീപിന് സമാനമായ സ്ഥലം അശ്രാന്ത പരിശ്രമത്തിലൂടെ ആയിരങ്ങള്‍ക്ക് അന്നം വിളയിക്കുന്ന ഭൂമിയാക്കി രൂപപ്പെടുത്തിയെടുത്ത ഈ ഗ്രാമം മനുഷ്യ വിഭവശേഷിയുടെ ഉത്തമ മാതൃകയാണ്. പമ്പാനദിയുടെ കൈവഴിയും ഇതോട് ചേര്‍ന്നുകിടക്കുന്ന മറ്റു ജലാശയങ്ങളും നാടിനെ ജലസമൃദ്ധവും ഫലഭൂയിഷ്ഠവുമാക്കുന്നു. 2 വലിയ കായലുകളും എട്ടു പാടശേഖരങ്ങളും ഇവിടെയുണ്ട്. വടക്കുഭാഗത്ത് കരിയൂര്‍ മംഗലം പ്രദേശവും, തെക്കുഭാഗത്ത് വണ്ടകപ്പള്ളി തോടും കിഴക്കുഭാഗത്ത് പുളിമൂട് ഉച്ചേത്തറ തോടും പടിഞ്ഞാറുഭാഗത്ത് ആറ്റുമുഖം തരിശുകായല്‍ എന്നിവയുമാണ് പഞ്ചായത്തിന്റെ അതിരുകള്‍ . കായല്‍ രാജാക്കന്മാരുടെ ദേശമായി അറിയുന്ന ഈ ഗ്രാമത്തില്‍പ്പെട്ട പാടത്താണ് ആദ്യമായി ചക്രങ്ങള്‍ക്കു ശേഷം വെള്ളം വറ്റിക്കാനുള്ള നീരാവി യന്ത്രം പ്രവര്‍ത്തിപ്പിച്ചത്. നാടന്‍ കലകളുടെ ഉപാസകനായി അറിയപ്പെടുന്ന ഈ നാടിന്റെ സ്വന്തം പുത്രനായ കാവാലം നാരായണപ്പണിക്കര്‍ നാടക രചനയിലും ഗാന രചനയിലും പുതിയ മാനങ്ങള്‍ കണ്ടെത്തിയ പ്രതിഭയാണ്. കാവാലം ഗ്രാമം നിരവധി സാഹിത്യ നായകന്‍മാരുടേയും സാംസ്കാരിക നായകരുടേയും ജന്മഗൃഹമാണ്. വള്ളംകളി പ്രേമികളുടെ മനസ്സില്‍ എക്കാലവും മായാതെ നില്ക്കുന്ന കാവാലം ചുണ്ടന്‍ എന്ന മത്സരവള്ളം ഈ നാടിന്റെ അഭിമാനമായി നിലകൊള്ളുന്നു.


കുട്ടനാടന്‍ നെല്ലറയുടെ നായകസ്ഥാനം വഹിക്കുന്ന കാവാലം ഗ്രാമം കായല്‍ രാജാവിന്റെയും പ്രശസ്ത കലാകാരന്മാരുടേയും ജന്മദേശമാണ്. ചെമ്പകശ്ശേരി രാജഭരണത്തിന്റെ ചിരസ്മാരകങ്ങളായി നില്‍ക്കുന്ന ക്ഷേത്രങ്ങളും, പഴയ തറവാടുകളിലെ നെല്ലറകളും ഈ ദേശത്തിന്റെ സാസ്കാരിക പരിച്ഛേദങ്ങളാണ്. ദ്വീപിന് സമാനമായ സ്ഥലത്തിനെ അശ്രാന്ത പരിശ്രമത്തിലൂടെ ആയിരങ്ങള്‍ക്ക് അന്നം വിളയിക്കുന്ന ഭൂമി രൂപപ്പെടുത്തിയ ചരിത്രമാണ് കാവാലം എന്ന ഈ ഗ്രാമത്തിന്റേത്. മനുഷ്യ വിഭവശേഷിയുടെയും അധ്വാനത്തിന്റേയും ഉത്തമ മാതൃകയാണ് കാവാലം ഗ്രാമം. പമ്പാനദിയുടെ കൈവഴിയും ഇതോട് ചേര്‍ന്നുകിടക്കുന്ന മറ്റു ജലാശയങ്ങളും നാടിനെ ഫലഭൂയിഷ്ഠമാക്കുന്നു. കര്‍ഷകരും കര്‍ഷക തൊഴിലാളികളും അധിവസിക്കുന്ന ഈ ഗ്രാമത്തിന്റെ കഥ അദ്ധ്വാനത്തിന്റെ കഥ മാത്രമാണ്. കായല്‍ രാജാവെന്ന് പുകള്‍പെറ്റ മുരിക്കന്റേയും ആദ്യനാളില്‍ കായലുകള്‍ രൂപപ്പെടുത്തുന്നതിന് മുഖ്യ പങ്കുവഹിച്ച ചാലില്‍ ഇരയി രാമകൃഷ്ണ പണിക്കരുടേയും പേരുകളും പ്രവൃത്തികളും ആര്‍ക്കും മറക്കാന്‍ കഴിയില്ല. സാഹിത്യ നയതന്ത്ര രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച സര്‍ദാര്‍ കെ.എം.പണിക്കര്‍ ഈ ഗ്രാമത്തിന്റെ അഭിമാനമായിരുന്നു. കവിയും ആട്ടക്കഥാകാരനുമായ ഇട്ടിരാരിശ മേനോന്‍ , ഡോ. കെ.പി.പണിക്കര്‍ , ഡോ. കെ.അയ്യപ്പപ്പണിക്കര്‍ , കാവാലം നാരായണ പണിക്കര്‍ , കാവാലം വിശ്വനാഥക്കുറുപ്പ്, കാവാലം ബാലചന്ദ്രന്‍ , കാവാലം ജോസഫ്, കാവാലം ശ്രീകുമാര്‍ തുടങ്ങി ഒട്ടനവധി കലാകാരന്മാരുടേയും ജന്മദേശമാണിവിടം. രാജഭരണകാലത്ത് എട്ട് കുടുംബക്കാരാണ് ഈ ഗ്രാമത്തിന്റെ ഭരണത്തിന് ചുക്കാന്‍ പിടിച്ചിരുന്നത്. കായല്‍ രാജാക്കന്മാരുടെ ദേശമായി അറിയുന്ന ഈ ഗ്രാമത്തില്‍പ്പെട്ട പാടത്താണ് ആദ്യമായി ചക്രങ്ങള്‍ക്കു ശേഷം വെള്ളം വറ്റിക്കാനുള്ള നീരാവി യന്ത്രം പ്രവര്‍ത്തിപ്പിച്ചത്. ജോര്‍ജ് ബ്രണ്ടന്‍ സായിപ്പിന്റെ നേതൃത്വത്തില്‍ മണ്ണെണ്ണ ഉപയോഗിച്ചുള്ള എഞ്ചിന്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ടാണ് മാറ്റത്തിന് തുടക്കമിട്ടത്. കാവാലം പഞ്ചായത്തിലെ 1370 ഏക്കര്‍ വരുന്ന രാമരാജപുരം കായലാണ് ആദ്യമായി ചാലയില്‍ ഇരവി രാമകൃഷ്ണ പണിക്കര്‍ മുന്‍കൈ എടുത്ത് രൂപപ്പെടുത്തിയത്. 196- ലെ ഭൂപരിഷ്കരണ നിയമത്തിന്റെ ഫലമായി 15 ഏക്കറില്‍ കൂടുതല്‍ ഭൂമി ഒരാള്‍ കൈവശം വയ്ക്കരുതെന്ന് നിയമം വരികയും ഭൂരഹിതരായ അനേകംപേര്‍ക്ക് സര്‍ക്കാര്‍ ഏറ്റെടുത്ത മിച്ചഭൂമി പതിച്ചു നല്‍കുകയുമുണ്ടായി. 32000 പറനിലം സ്വന്തമായി കൃഷി ചെയ്ത് 300 കുടുംബങ്ങള്‍ക്ക് നിത്യവും കൃഷിപ്പണി നല്കിയ ആളായിരുന്നു കായല്‍ രാജാവെന്നു പില്‍ക്കാലത്ത് അറിയപ്പെട്ട മുരിക്കുംമൂട്ടില്‍ തൊമ്മന്‍ ജോസഫ്. കാവാലം ഗ്രാമത്തിന്റെ പ്രഥമ പഞ്ചായത്തു പ്രസിഡന്റു കൂടിയായിരുന്ന ഇദ്ദേഹം കാര്‍ഷിക മേഖലയ്ക്ക് നല്‍കിയ സംഭാവനകള്‍ ശാസ്ത്രജ്ഞന്മാര്‍ക്കു തന്ന ഇന്ന് അദ്ഭുതമുളവാക്കുന്നവയാണ്. ശ്രീ ചിത്തിര തിരുനാള്‍ മഹാരാജാവിന്റെ ഭരണകാലത്ത് അദ്ദേഹത്തിന്റെ സഹായവുംകൂടി കൃഷിയിടം രൂപപ്പെടുത്താന്‍ ലഭിച്ചപ്പോള്‍ കേരളത്തിന്റെ നെല്ലറയെന്ന് പേരുകേട്ട കുട്ടനാടന്‍ നെല്‍പാടങ്ങളുടെ കൂട്ടത്തില്‍ റാണി, ചിത്തിര, മാര്‍ത്താണ്ഡം എന്നീ കായലുകളും കൂടി രൂപപ്പെട്ടു. ചാലയില്‍ കുടുംബത്തിലെ പ്രധാനികളില്‍ ഒരാളായ കേശവ പണിക്കരും കാവാലം പഞ്ചായത്ത് പ്രസിഡന്റായിരുന്നു. ഒരൊറ്റ ആട്ടക്കഥ എഴുതി പ്രസിദ്ധനായ വണ്ടകപ്പള്ളി ഇട്ടിരാരിശ്ശ മേനോനും ഈ ഗ്രാമവാസിയായിരുന്നു. സന്താന ഗോപാലം കഥകളി എഴുതി സാഹിത്യ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനായിരുന്നു ഇദ്ദേഹം. പ്രസിദ്ധകവി അയ്യപ്പ പണിക്കരും കാവാലവുമായുള്ള ബന്ധം അഭേദ്യമാണ്. ഓലിക്കല്‍ തറവാട് അംഗമായ അയ്യപ്പപ്പണിക്കര്‍ വിശ്വസാഹിത്യത്തില്‍ അദ്വിതീയ സ്ഥാനം അലങ്കരിക്കുന്ന വ്യക്തിയായി മാറി. നാടന്‍കലകളുടെ ഉപാസകനായി അറിയപ്പെടുന്ന കാവാലം നാരായണപ്പണിക്കര്‍ നാടക രചനയിലും ഗാന രചനയിലും പുതിയ മാനങ്ങള്‍ കണ്ടെത്തിയ പ്രതിഭയാണ്. വള്ളംകളി പ്രേമികളുടെ മനസ്സിലും മായാതെ നില്ക്കുന്ന കാവാലം ചുണ്ടന്‍ കാവാലം ഗ്രാമത്തിന്റെ സാംസ്കാരികാടയാളമാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും തറവാടുകളും ഈ ഗ്രാമത്തിന്റെ പാരമ്പര്യം വിളിച്ചോതുന്നു. കേരളത്തില്‍ ഏറ്റവും ഡിമാന്റുള്ള വീല്‍ ബീഫ് ഉല്പാദിപ്പിക്കുവാനുള്ള കാളക്കുട്ടികളെ കുറഞ്ഞ ചെലവില്‍ വളര്‍ത്താവുന്ന ഒരു പ്രദേശമാണ് കാവാലം. 1939 വരെ ഒന്നിടവിട്ട വര്‍ഷങ്ങളില്‍ മാത്രമാണ് ഇവിടെ നെല്‍കൃഷി ചെയ്തിരുന്നത്. പഴയ നിലകൃഷി എന്നാണ് ഈ രീതിയെ വിളിച്ചിരുന്നത.് പത്തിരുപത് മാസം വെള്ളത്തിനടിയില്‍ തരിശായി കിടക്കുന്നതു മൂലം പ്രകൃതിതന്ന കിഴക്കന്‍ മലകളിലെ എക്കല്‍മണ്ണ് വെള്ളപ്പൊക്കത്തിലൂടെ ഈ കൃഷിസ്ഥലത്തെത്തിച്ചിരുന്നു. 1939-ല്‍ രണ്ടാം ലോകമഹായുദ്ധ കാലത്ത് ബര്‍മ്മയില്‍ നിന്നും അരിയുടെ വരവ് നിശേഷം നിലച്ച് രൂക്ഷമായ ഭക്ഷ്യക്ഷാമം നേരിട്ടപ്പോഴാണ് വര്‍ഷംതോറും കൃഷി എന്ന രീതി ആരംഭിച്ചത്. ഞാറ്റുപാട്ടിന്റെയും തേക്കുപാട്ടിന്റെയും ചക്രം ചവിട്ടുപാട്ടിന്റെയും ഈണം മുഴങ്ങുന്ന കാവാലം നിരവധി സാഹിത്യ നായകന്മാരുടെയും സാംസ്കാരിക നായകന്മാരുടേയും ജന്മഗൃഹം കൂടിയാണ്. അദ്ധ്വാനഭാരം ലഘൂകരിക്കുന്നതിനുവേണ്ടി ഉള്ളില്‍ നിന്നു ഉതിര്‍ന്ന ഈ ശീലുകളില്‍ നിരവധി ഐതിഹ്യങ്ങളും ചരിത്ര സത്യങ്ങളും തെളിഞ്ഞു നില്‍ക്കുന്നു. ആദ്യകാലങ്ങളില്‍ കുടിപ്പള്ളിക്കൂടങ്ങളിലാണ് കുട്ടികളെ പഠിപ്പിച്ചിരുന്നത്. വെള്ളത്താല്‍ ചുറ്റപ്പെട്ട ഗ്രാമമായതിനാല്‍ ഇവിടുത്തുകാര്‍ക്ക് യാത്ര എന്നും ബുദ്ധിമുട്ട് ഉളവാക്കിയിരുന്നു. 1990-നടുത്താണ് കുട്ടനാടിനെ കീറിമുറിച്ച് കടന്നുപോകുന്ന പള്ളിക്കൂട്ടുമ്മ-നീലംപേരൂര്‍ റോഡിന്റെ ഭാഗമായി രണ്ടര കിലോമീറ്ററോളം റോഡ് കാവാലം ഗ്രാമത്തില്‍ കൂടി കടന്നുപോകുന്നതിന് നടപടിയായത്.


കടപ്പാട് : കാവാലം ഗ്രാമ പഞ്ചായത്ത് 

2 comments:

Unknown said...

i like kavalam

kavalamsasikumar കാവാലം ശശികുമാര്‍ said...

ellavarum aavunnatra vivarangal ithil cherkkunnathu nannaayirikkum ennu thonnunnu... dayavaayi sahakarikkumallo...