Monday 4 April 2011

കലയുടെ കളരിയൊരുക്കി കാവാലം വീണ്ടും**

കാവാലം: അവധിക്കാലത്ത് കലയുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ നാടകാചാര്യന്‍ കാവാലം നാരായണപ്പണിക്കര്‍ കുരുന്നുകൂട്ടവുമായെത്തി. നൂറോളം കുട്ടികള്‍ക്കാണ് കാവാലം ഗവ. എല്‍.പി. സ്‌കൂളില്‍ കളരി ഒരുക്കിയിരിക്കുന്നത്. പത്തുദിവസത്തെ കളരിയില്‍ നൃത്തം, നാടകം, സംഗീതം, ചിത്രകല എന്നിവയില്‍ പരിശീലനം നല്‍കും.

കഴിഞ്ഞ ആറുവര്‍ഷമായി സ്വന്തം ഗ്രാമത്തിലെ കുട്ടികള്‍ക്കായി കലാപരിശീലനക്കളരി കാവാലം സംഘടിപ്പിക്കുന്നുണ്ട്. കേന്ദ്രസംഗീതനാടക അക്കാദമിയുടെ സഹകരണത്തോടെ തിരുവനന്തപുരം സോപാനം, കാവാലം സൂര്യ യുവജനക്ഷേമ കേന്ദ്രം, കടുംതുടിക്കൂട്ടം കാവാലം എന്നിവയുടെ ആഭിമുഖ്യത്തിലാണ് കുരുന്നുകൂട്ടം നടക്കുന്നത്.

കളരിയുടെ ഭാഗമായി കേരള സംഗീതനാടക അക്കാദമി ചെയര്‍മാനും നടനുമായ മുകേഷ് ഉള്‍പ്പെടെയുള്ളവര്‍ കുട്ടികളുമായി സംവദിക്കാനെത്തും. കളരിയുടെ സമാപനദിനമായ ഏപ്രില്‍ 10ന് വൈകീട്ട് കാവാലത്തിന്റെ 'തെയ്യത്തെയ്യം' എന്ന നാടകത്തിന്റെ അവതരണം നടക്കും.

കുരുന്നുകൂട്ടത്തിന്റെ ഉദ്ഘാടനം കാവാലം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മോളമ്മ സതീശന്‍ നിര്‍വഹിച്ചു. ചാലയില്‍ വേലായുധപ്പണിക്കര്‍ അധ്യക്ഷത വഹിച്ചു. വെളിയനാട് എ.ഇ.ഒ. മാരിയത്ത് ബീവി, കെ. സജി, ജി. ഹരികൃഷ്ണന്‍, രാഖി രാജു, ജയഹരി എന്നിവര്‍ പ്രസംഗിച്ചു.
 
 
 
**കടപ്പാട്  - മാതൃഭൂമി ദിനപത്രം
 

No comments: