Tuesday 21 December 2010

കാവാലത്തു പടയണി കോലങ്ങള്‍ ഒരുങ്ങുന്നു; കാരണവരായി കാവാലവും

കലയുടെ പശിമയുള്ള കാവാലത്തിന്റെ മണ്ണ്‌ പടയണി കോലങ്ങളുടെ എഴുന്നള്ളിപ്പിനൊരുങ്ങുന്നു. പതിറ്റാണ്ടുകള്‍ക്കുശേഷം കാവാലത്ത്‌ പടയണിക്കു അരങ്ങൊരുക്കുന്നതു നാടകാചാര്യന്‍ കാവാലം നാരായണപ്പണിക്കരാണ്‌. വിഖ്യാതമായ കടമ്മനിട്ട പടയണി കാവാലത്ത്‌ അവതരിപ്പിക്കാന്‍ എത്തുന്നതാകട്ടെ പ്രഫ. കടമ്മനിട്ട വാസുദേവന്‍ പിള്ളയുടെ നേതൃത്വത്തിലുള്ള സംഘവും.

ഡിസംബര്‍ 22ന്‌ രാത്രിയില്‍ കാവാലം മേജര്‍ പള്ളിയറക്കാവ്‌ ദേവീ ക്ഷേത്രമാണു പടയണിക്കു വേദിയാകുന്നത്‌. ക്ഷേത്ര നടയില്‍ രാത്രി ഒമ്പതിനു ചടങ്ങുകള്‍ ആരംഭിക്കും. കാവാലം നാരായണപ്പണിക്കരുടെ തറവാടായ ചാലയില്‍നിന്നു പടയണിക്കോലങ്ങള്‍ ഘോഷയാത്രയായി ക്ഷേത്രത്തിലെത്തും.  പാള, കുരുത്തോല, ചൂട്ടുകറ്റ തുടങ്ങി പടയണിക്കാവശ്യമായ സാധനങ്ങള്‍ ഒരുക്കിക്കഴിഞ്ഞു. തന്റെ കുട്ടിക്കാലത്ത്‌ കാവാലത്ത്‌ പടയണി അരങ്ങേറിയിരുന്നതായി കാവാലം നാരായണപ്പണിക്കര്‍ സ്‌മരിക്കുന്നു.

പടയണി ആഘോഷമാക്കാന്‍ നാട്ടുകാരെല്ലാം ആവേശത്തോടെയുണ്ട്‌.  പടയണിയുടെ താളത്തിലേക്കു നടന്നടുക്കുകയാണു കാവാലം ദേശം. ചടങ്ങുകള്‍ക്കു കാരണവരായി കാവാലം നാരായണപ്പണിക്കരും നാട്ടുകാര്‍ക്കൊപ്പം ഒരുക്കങ്ങളില്‍ മുഴുകിയിരിക്കുകയാണ്‌.

1 comment:

Kalavallabhan said...

കടമ്മനിട്ടയിലെ മലമണ്ണിന്റെ താളം കാവാലത്തെ തുടിയിലിന്ന് കേൾക്കാമല്ലേ ?