Monday 12 September 2011

അമ്മയ്‌ക്കൊരോണം**



അവശത അനുഭവിക്കുന്ന അമ്മമാര്‍ക്ക് യുവജനങ്ങള്‍ കൈത്താങ്ങാവണമെന്ന സന്ദേശം ഉയര്‍ത്തി കാവാലത്ത് അമ്മമാരെ ആദരിച്ച് ഓണക്കൂട്ടായ്മ. കാവാലം സൂര്യ യുവജന ക്ഷേമകേന്ദ്രമാണ് ഓണത്തോടനുബന്ധിച്ച് സമൂഹത്തിന് വേറിട്ട സന്ദേശമേകി ഗ്രാമത്തിലെ വയോധികരായ 106 അമ്മമാരെ ആദരിച്ചത്.

വിധവകളും, നിത്യരോഗികളും, ആലംബഹീനരുമായ അറുപത്തിയഞ്ച് വയസ്സിനും എണ്‍പത് വയസ്സിനുമിടയില്‍ പ്രായമുള്ള ഗ്രാമത്തിലെ അമ്മമാരെയാണ് ഇതിലേക്കു തിരഞ്ഞെടുത്തത്. 'അമ്മയ്‌ക്കൊരോണം' എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്. കാവാലം നാരായണപ്പണിക്കര്‍ ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

മലയാളി സമൂഹത്തിന്റെ ഏറ്റവും മനോഹരമായ സങ്കല്പമാണ് സ്ത്രീകളെ ആദരിക്കലെന്ന് അദ്ദേഹം പറഞ്ഞു. അതില്‍ അമ്മമാരെ ആദരിക്കലിന്റെ മഹത്വം ഒന്നു വേറെ തന്നെയാണ്. ശിരസ്സുകുനിച്ചു നില്കുന്നയാളിനു മാത്രമേ ശിരസ്സുയര്‍ത്തി നില്‍ക്കാനാവൂ. മഹാബലിയുടെയും വാമനന്റെയും കഥ നല്‍കുന്ന ഗുണപാഠമിതാണെന്ന് കാവാലം ചൂണ്ടിക്കാട്ടി.

സിനിമാ സീരിയല്‍ താരം കൊല്ലംതുളസി അമ്മമാരെ പൊന്നാടയണിയിച്ച് കാല്‍തൊട്ട് വന്ദിച്ചു. കാവാലം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മോളമ്മ സതീശന്‍ അധ്യക്ഷത വഹിച്ചു. കാവാലം ഗോപകുമാര്‍ പരിപാടി വിശദീകരിച്ചു. ബി. മോഹനന്‍ നായര്‍ സേവന സന്ദേശം നല്‍കി. കാഞ്ചികാമകോടി ആസ്ഥാന വിദ്വാന്‍ പുരസ്‌കാരം നേടിയ തവില്‍ വിദ്വാന്‍ കാവാലം ബി. ശ്രീകുമാറിനെ കാവാലം നാരായണപ്പണിക്കര്‍ പൊന്നാടയണിയിച്ച് ചടങ്ങില്‍ ആദരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് അംഗം ശോഭന ഉദയകുമാര്‍, ഗ്രാമപ്പഞ്ചായത്ത് അംഗം പി. ഉദയകുമാര്‍, അനിയന്‍ കാവാലം കെ.പി. ഷാജി, എ.കെ. തങ്കപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു. ക്ലബ് സെക്രട്ടറി ജി. ഹരികൃഷ്ണന്‍ സ്വാഗതം പറഞ്ഞു. തുരുത്തി സന്തോഷ്, രാഖി രാജു എന്നിവരുടെ നേതൃത്വത്തിലുള്ള ടീമിന്റെ സ്വാഗത ഗാനത്തോടെയാണ് പരിപാടി തുടങ്ങിയത്. അമ്മമാരെ ആദരിക്കല്‍ ചടങ്ങിനുശേഷം അമ്മമാര്‍ക്ക് വിഭവസമൃദ്ധമായ ഓണസദ്യ വിളമ്പി. തുടര്‍ന്ന് അമ്മമനസ്സുകള്‍ക്ക് ആനന്ദമാകാന്‍ കുട്ടികളുടെ തിരുവാതിര, നാടോടി നൃത്തം, കാവാലം രംഭയുടെ നാടന്‍ പാട്ട്, അംബേദ്കര്‍ ഗ്രാമത്തിലെ വനിതകളുടെ വഞ്ചിപ്പാട്ട് എന്നീ കലാപരിപാടികള്‍ സ്റ്റേജില്‍ അരങ്ങേറി. പരിപാടികള്‍ക്കുശേഷം ക്ലബിലെ അംഗങ്ങള്‍ തന്നെ അമ്മമാരെ വീടുകളിലെത്തിച്ചു.

അവശത അനുഭവിക്കുന്ന വൃദ്ധസമൂഹത്തിന് യുവജനങ്ങള്‍ കൈത്താങ്ങാവണമെന്ന സന്ദേശം സമൂഹത്തില്‍ വ്യാപിപ്പിക്കാന്‍ വിവിധ പ്രദേശങ്ങളില്‍ അമ്മക്കൂട്ടായ്മകള്‍ സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് കാവാലം സൂര്യ യുവജന ക്ഷേമകേന്ദ്രo.


 




**കടപ്പാട് : മാതൃഭൂമി

No comments: