ആ അമ്മമാര്‍ക്കു മാത്രമല്ല, അതിനു സാക്ഷിയായവര്‍ക്കും ഒരിക്കലും മറക്കാത്ത ഒന്നായിരുന്നു അമ്മയ്ക്കൊരോണം എന്ന പരിപാടി, ഒരുകൂട്ടം ചെറുപ്പക്കാരുടെ മാതൃകാപരമായ സംരംഭം.
കാവാലം ശശികുമാര്‍

ഓണത്തിന് ഒരുക്കെല്ലാംകൂട്ടി അമ്മയും മക്കളുമൊത്തുചേരുമ്പോളാണ് ആഘോഷം സമ്പൂര്‍ണമാകുന്നതെന്ന് പറയാറുണ്ട്... പക്ഷേ അമ്മയെ വഴിയില്‍ ഉപേക്ഷിക്കുന്ന മക്കളും മക്കളെ ഞെക്കിക്കൊല്ലുന്ന അമ്മയും നിത്യവാര്‍ത്തകളാകുന്ന കാലമാണിത്. ആധുനികകാലം അടുക്കളയില്‍നിന്ന് സ്ത്രീകളെ അരങ്ങിലെത്തിച്ചപ്പോള്‍ മറുവശത്ത് ‘അസൂര്യംപശ്യ’കളായി മാറുന്ന സ്ത്രീ വാര്‍ദ്ധക്യം ഇക്കാലത്തിന്‍റെ സങ്കടമായി മാറുന്നു. വൃദ്ധസദനങ്ങളില്‍ ജന്മദിനവും ഉത്സവദിനങ്ങളും ആഘോഷിക്കുന്ന അമ്മമാരും അച്ഛന്മാരും ഏറുന്ന ഈ കാലവും അതിനു കാരണമാകുന്ന സമൂഹവും ഈ കാലഘട്ടത്തിന്‍റെ അസ്വസ്ഥതയാ കുമ്പോള്‍ അമ്മമാര്‍ക്കായി ഒരു ഓണാഘോഷം ഏതുതരത്തിലും മാതൃകയായി. അതായിരുന്നു 16 വര്‍ഷമായി ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടില്‍ കാവാലം ഗ്രാമത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന സൂര്യ യുവജനക്ഷേമ കേന്ദ്രം നടത്തിയ ഈ വര്‍ഷത്തെ ഓണാ ഘോഷത്തിന്‍റെ പ്രത്യേകത- അമ്മയ്ക്കൊരോണം.
ഓണാഘോഷത്തിന്‍റെ ബാക്കിപത്ര മായി മദ്യത്തിന്‍റെയും ഇറച്ചിയുടെയും സ്വര്‍ണ്ണത്തിന്‍റെയും ഉപഭോഗക്കണക്കുകള്‍ ‘പ്രധാന വാര്‍ത്തയാകുമ്പോള്‍’ നന്മയുടെ കിരണങ്ങള്‍ എത്ര പ്രകാശം പരത്തിയാലും കണ്ണില്‍ പതിക്കാത്ത കാലം കൂടിയാണിത്. 106 അമ്മമാര്‍, അവര്‍ ആ ഗ്രാമത്തിലെ വിവിധ വിഭാഗങ്ങളില്‍ പെട്ടവരാണ്, ഏതെങ്കിലും തരത്തില്‍ പരാധീനത അനുഭവിക്കുന്നവരാ ണ്, വൈധവ്യം, മാറാവ്യാധി, തീരാദു:ഖം തുടങ്ങിയവയ്ക്ക് വിധേയരായവരാണ്. അത്തരത്തില്‍ ഉളള 65-നും 80-നും ഇടയ്ക്കു പ്രായമുളളവരെ കണ്ടെത്തി, അവരെ പ്രത്യേകം ക്ഷണിച്ച് ആഘോഷ വേദിയില്‍ കൊണ്ടുവന്ന് ആദരിച്ച് ഓണപ്പുടവയും ഓണ സദ്യയും നല്‍കി. അവര്‍ക്കു വേണ്ടി കുട്ടികള്‍ തിരുവാതിര കളിച്ചും നാടോടി നൃത്തം ചെയ്തും നാടന്‍ പാട്ടുപാടിയും അവരെ ആഹ്ലാദിപ്പിച്ചു. അംബേദ്കര്‍ ഗ്രാമത്തിലെ വനിതകളുടെ വഞ്ചിപ്പാട്ട് ഏറെ ആകര്‍ഷകമായിരുന്നു. ഒരുപക്ഷേ നൂറിലേറെ വീടുകളില്‍ അമ്മമാര്‍ക്കു കിട്ടുമായിരുന്ന ആഹ്ലാദത്തിലുമധികമായിരുന്നു ആ വേദിയില്‍ പങ്കുവെയ്ക്കപ്പെട്ടതെന്നു പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയല്ല അത്.

സിനിമാ-സീരിയല്‍ നടന്‍ കൊല്ലം തുളസിയായിരുന്നു അമ്മയ്ക്കൊരോണം പരിപാടിയില്‍ അമ്മാര്‍ക്ക് ഓണക്കോടി വിതരണം ചെയ്തത്. സിനിമയിലും സീരിയലുകളിലും കൂടി തനിക്കു ലഭിച്ചിട്ടുളള വില്ലന്‍ പരിവേഷം ഇല്ലാതാക്കാനും ഇന്നുതന്നോടൊപ്പമില്ലാത്ത പെറ്റമ്മയുടെ ഓര്‍മ്മയും അനുഭവവും നിങ്ങള്‍ക്കൊപ്പമിരിക്കുമ്പോള്‍ വീണ്ടും കിട്ടുവാനുമാണ് അവിടെയെത്തിയതെന്നു പ്രസ്താവിച്ച കൊല്ലം തുളസി പ്രതീകാത്മകമായി മൂന്നു മുതിര്‍ന്ന അമ്മമാരെ പൊന്നാടയണിയിച്ച് കാ ല്‍വന്ദിച്ചു. എല്ലാ അമ്മമാര്‍ക്കും ഓണക്കോടി വിതരണം ചെയ്തു. അമ്മമാരെ തിരികെ വീടുകളിലെത്തിക്കാനും സൂര്യയുടെ പ്രവര്‍ത്തകരായ ചെറുപ്പക്കാര്‍ ശ്രദ്ധ കാണിച്ചു.
ഒരുപക്ഷേ കേരളത്തില്‍ ഓണക്കാലത്ത് ഇതുവരെ നടത്തിയിട്ടുളള ആഘോഷങ്ങളില്‍നിന്നു തികച്ചും വ്യത്യസ്തമായ ഒന്നായിരുന്നു ‘അമ്മയ്ക്കൊരോണം’ പരിപാടി. കൂടുതല്‍ വിപുലമായ രീതിയില്‍ വരും കാലങ്ങളില്‍ ഈ പരിപാടി നടത്തുമെന്നു മാത്രമല്ല അമ്മമാരില്‍ അര്‍ഹതപ്പെട്ടവര്‍ക്കായി കൂടുതല്‍ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും പ്രഖ്യാപിച്ച് സൂര്യ യുവജനക്ഷേമകേന്ദ്ര പ്രവര്‍ത്തകര്‍ പ്രതിബദ്ധത പ്രകടിപ്പിച്ചപ്പോഴാണ് പുതിയ തലമുറയുടെ സമൂഹത്തോടുളള കരുതല്‍ വ്യക്തമായത്. സൂര്യ ജനറല്‍ സെക്രട്ടറി ഹരികൃഷ്ണന്‍ ടിഎസ് ഐ യോടു പറഞ്ഞു, “ഒട്ടേറെ പേരുണ്ട് ഈ ആശയം മുന്നോട്ടു വെച്ചവരും അതിനു വേണ്ടി അഹോരാത്രം പ്രവര്‍ ത്തിച്ചവരുമായി. ഇതിനു വേണ്ടുന്ന സാമ്പത്തിക സഹായങ്ങള്‍ നല്‍കിയ സന്മനസുകളും ഏറെയുണ്ട്. കഴിഞ്ഞ 16 വര്‍ഷത്തിനിടയിലെ പ്രവര്‍ത്തനങ്ങളില്‍ ഏറെ പേര്‍ അനുമോദിച്ച സൂര്യയുടെ ഒരു സംരംഭമാണിത്. ഇതിന്‍റെ തുടര്‍നടപടികള്‍ ഞങ്ങള്‍ ആസൂത്രണം ചെയ്യും. വര്‍ഷത്തിലൊരിക്കലുളള ഒരു പ്രോഗ്രാമായി മാത്രം ഞങ്ങള്‍ ഇതിനെ ചുരുക്കു കയില്ല. കലുഷിതമായ സമൂഹത്തിന് ഒരു കൂട്ടം ചെറുപ്പക്കാരുടെ സന്ദേശമാണിത്. അതു വ്യാപകമാക്കും. സമൂഹത്തിന്‍റെ സേവനം ആവശ്യമായ അമ്മമാരുടെ, മുതിര്‍ന്നവരുടെ പരിരക്ഷയ്ക്കു വേദിയാകണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. അതിനു മനസുളളവരുടെ സംയോജകരാകാന്‍ ഞങ്ങളെന്നുമുണ്ടാകും.”
http://thesundayindian.com/ml/story/unforgettable-onam-experience/25/1410/
No comments:
Post a Comment