Tuesday 4 May 2010

കുരുന്നുകൂട്ടം - മംഗളം റിപ്പോര്‍ട്ട്

2010 കുരുന്നുകൂട്ടത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് മംഗളം ദിനപ്പത്രത്തില്‍ സെക്രെട്ടറി ശ്രീ. ജി. ഹരികൃഷ്ണന്‍ നല്‍കിയ റിപ്പോര്‍ട്ട്


"
തിത്തന്നം കറുകു തെയ്യന്നം... തിത്തന്നം കറുകു തെയ്യന്നം... അക്കരെനിന്ന്‌ ഇക്കരയ്‌ക്കു പോരുന്നോ പോരുന്നോ.... നാടകാചാര്യന്‍ കാവാലം നാരായണപണിക്കര്‍ ചൊല്ലിയ വായ്‌ത്താരികള്‍ ഏറ്റുചൊല്ലുമ്പോള്‍ കുട്ടികളില്‍ അതിരറ്റ ആവേശം. ജന്മനാട്ടിലെ കുരുന്നുകള്‍ക്ക്‌ കലയുടെ ബാലപാഠങ്ങള്‍ പകര്‍ന്ന നല്‍കാനാണു കാവാലം എത്തിയിരിക്കുന്നത്‌.


പന്ത്രണ്ടു നാളുകള്‍ കാവാലം ഗവ. എല്‍.പി.എസില്‍ അദ്ദേഹം കൊച്ചുകൂട്ടുകാര്‍ക്കൊപ്പമാണ്‌. കാവാലത്താറ്റിലെ കുഞ്ഞോളങ്ങള്‍ക്കരികെ തുടര്‍ച്ചയായ അഞ്ചാംവര്‍ഷവും അദ്ദേഹം കുട്ടികള്‍ക്കൊപ്പം ആടിപ്പാടിയും കഥ പറഞ്ഞും നാടകം കളിച്ചും ഏഴുപതിറ്റാണ്ടു പിന്നിലെ ബാല്യകാല സ്‌മരണകളില്‍ മുഴുകുന്നു.


കേന്ദ്ര സംഗീതനാടക അക്കാദമിയുടെ സഹായത്തോടെ തിരുവനന്തപുരം സോപാനം കാവാലം സൂര്യ യുവജന ക്ഷേമ കേന്ദ്രം, കടുത്തുടിക്കൂട്ടം എന്നീ സംഘടനകള്‍ ചേര്‍ന്നാണു പത്തിനും 15നും മധ്യേ പ്രായമുള്ള കുട്ടികള്‍ക്കായി കുരുന്നുകൂട്ടം കലാപരിശീലന കളരി സംഘടിപ്പിച്ചിരിക്കുന്നത്‌. കളരിയുടെ ഉദ്‌ഘാടനം കാവാലം നാരായണപണിക്കര്‍ നിര്‍വഹിച്ചു. ചാലയില്‍ വേലായധപണിക്കരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കുളമാട്‌ ഗോപാലകൃഷ്‌ണന്‍, കെ. സജി, കല്യാണി കൃഷ്‌ണന്‍, അന്നമ്മ ടീച്ചര്‍, ജി. ഹരികൃഷ്‌ണന്‍ എന്നിവര്‍ പ്രസംഗിച്ചു.


സിനിമാ-നാടക രംഗത്തുനിന്നുള്ളവര്‍ വിവിധ ദിവസങ്ങളില്‍ ക്യാമ്പ്‌ സന്ദര്‍ശിക്കും. 12നു കാവാലത്തിന്റെ പ്രസിദ്ധമായ അവനവന്‍ കടമ്പ എന്ന നാടകാവതരണത്തോടെ കുരുന്നുകൂട്ടം സമാപിക്കും.
"

No comments: